ഇടുക്കി: ‘ജനജീവിത സ്തംഭന സമര’ത്തില്‍ സംസ്ഥാനം സെഞ്ച്വറിയോടടുക്കുന്നു. സംസ്ഥാനത്ത് 2018 ലെ ഹര്‍ത്താല്‍ നിരക്ക് ശരാശി 3.58 ദിവസത്തില്‍ ഒന്ന് എന്നതാണ് ഇതുവരെ ഉണ്ടായത് 97 ഹർത്താലുകൾ. ഇന്നലെ നടത്തിയതുള്‍പ്പെടെ 26 ഹര്‍ത്താലുകളുമായി ബി.ജെ.പിയാണ് മുന്നിൽ . മത്സ്യസംരക്ഷണ സമിതി, പൗരസമിതി, ജലസംരക്ഷണസമിതി, ദളിത് സംഘടനകളുടെ ഐക്യവേദി, ഹിന്ദുഐക്യവേദി, യാക്കോബായ സഭ, അയ്യപ്പധര്‍മ്മസമിതി തുടങ്ങി പലസംഘടനകളെ കൂടാതെ നാട്ടുകാര്‍ വരെ ഹര്‍ത്താലാഹ്വാനത്തില്‍ തങ്ങളുടേതായ പങ്ക് വഹിച്ചു.
ആത്മഹത്യ, കൊലപാതകം, രാഷട്രീയ അതിക്രമങ്ങള്‍, പൊലീസ് നടപടി എന്നിവയ്ക്കൊപ്പം ഹര്‍ത്താലും ഹര്‍ത്താലിന് കാരണമായി. ഏപ്രില്‍ 16ന് കാശ്മീരില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ ആഹ്വാനംചെയ്ത ജനകീയ ഹര്‍ത്താലില്‍ കടകള്‍ തകര്‍ത്തെന്ന് ആരോപിച്ചാണ് മലപ്പുറം ജില്ലയിലെ താനൂരില്‍ വ്യാപാരി വ്യവസായികള്‍ തൊട്ടടുത്ത ദിവസം ബദല്‍ ഹര്‍ത്താല്‍ നടത്തിയത്.
ആത്മഹത്യയുടെ പേരില്‍ അഞ്ച് ഹര്‍ത്താല്‍
ആത്മഹത്യയുടെ പേരില്‍ ഇന്നലത്തേത് ഉള്‍പ്പെടെ അഞ്ച് ഹര്‍ത്താലുകളാണ് നടന്നത്. ഫെബ്രുവരി 26ന് വന്‍തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള വാണിജ്യ നികുതിവകുപ്പിന്റെ നോട്ടീസ് ലഭിച്ച വ്യാപാരി ബിജുരാജ് ആത്മഹത്യ ചെയ്തസംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപാരി വ്യവസായികള്‍ മാവേലിക്കര താലൂക്കില്‍ ഹര്‍ത്താല്‍ നടത്തി. ഏപ്രില്‍ ഏഴിന് വരാപ്പുഴയില്‍ ദേവസ്വംപാടത്ത് ഒരുസംഘം ആളുകള്‍ ചേര്‍ന്ന് വീടാക്രമിച്ചതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എല്‍.ഡി.എഫും ജൂലായ് അഞ്ചിന് മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ദമ്ബതികള്‍ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി താലൂക്കില്‍ യു.ഡി.എഫും ഹര്‍ത്താല്‍ നടത്തി. ജൂലായ് 16ന് കുന്നംകുളത്ത് തട്ടുകട നടത്തിയിരുന്ന യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ നഗരസഭ സെക്രട്ടറിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.എം.എസായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
2018- പ്രധാന ഹര്‍ത്താലുകള്‍
ബി.ജെ.പി (26)
യു.ഡി.എഫ് (23)
എല്‍.ഡി.എഫ് (15)
വ്യാപാരി വ്യവസായികള്‍ (11)
2017 ലെ കക്ഷിനില
ബി.ജെ.പി (41)
എല്‍.ഡി.എഫ് (18)
യു.ഡി.എഫ് (27)
Post Your Comments