ന്യൂഡല്‍ഹി : അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുകേസിലെ മുഖ്യ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് നാല് ദിവസത്തേക്ക് സിബിഐ ക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട രേഖകള്‍ മിഷേലിനോട് ചോദിച്ച് മനസിലാക്കേണ്ടതുണ്ടെന്ന് കോടതിയില്‍ സിബിഐ അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡി കാലാവധി നീട്ടിയത്. അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് സിബിഎെ കോടതിയെ ബോധിപ്പിച്ചിരുന്നത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാര്‍ അഗസ്ത വെസ്റ്റ്ലാന്‍ഡിനു ലഭിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് മിഷേല്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. 2015-ല്‍ മിഷേലിനെതിരേ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടിസും പുറത്തിറക്കി. 2017 ഫെബ്രുവരിയിലാണ് ദുബായില്‍ മിഷേല്‍ അറസ്റ്റിലായത്.
Post Your Comments