തിരുവനന്തപുരം: വിദേശ നിര്‍മ്മിത വിദേശമദ്യത്തിന് വന്‍കിട വിദേശമദ്യക്കമ്ബനികള്ക്ക് വന്‍തോതില്‍ നികുതിയിളവ് നല്‍കിയതിന് പിന്നില്‍ വന്‍അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് കെയ്സിന് 1600 രൂപ എക്സൈസ് തീരുവയുള്ളപ്പോള്‍ വിദേശ നിര്‍മ്മിത വിദേശമദ്യത്തിന് അത് 594 രൂപയാക്കി കുറച്ചുകൊടുത്തു. വെയര്‍ഹൗസ് മാര്‍ജിന്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് എട്ട് ശതമാനമാണെങ്കില്‍ വിദേശ നിര്‍മ്മിത മദ്യത്തിന് അഞ്ച് ശതമാനമാണ്. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് 20 ശതമാനം റീട്ടെയില്‍ മാര്‍ജിനുള്ളത് വിദേശ നിര്‍മ്മിത മദ്യത്തിന് മൂന്ന് ശതമാനമാക്കി. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് വില്പന നികുതി 210 ശതമാനമാണെങ്കില്‍ വിദേശ നിര്‍മ്മിത മദ്യത്തിന് 78 ശതമാനമാണ് ചുമത്തിയിരിക്കുന്നത്. വിദേശ കമ്ബനികള്‍ക്ക് ഇത്രമാത്രം സൗജന്യങ്ങള്‍ നല്‍കിയതിനൊപ്പം അവയെന്തിന് മറച്ചുവച്ചുവെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മന്ത്രി ടി.പി. രാമകൃഷ്ണന് ഉരുണ്ടുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബിയര്‍- വൈന്‍ പാര്‍ലറുകളിലും വിദേശ നിര്‍മ്മിത വിദേശമദ്യം വില്ക്കാന് അനുവദിച്ചുള്ള ഉത്തരവിനെക്കുറിച്ച് മന്ത്രി വിശദീകരിച്ചിട്ടില്ല. ബാറുകളില്‍ മാത്രമേ വിദേശ നിര്‍മ്മിത വിദേശ മദ്യം വില്ക്കാന് അനുവദിച്ചിട്ടുള്ളൂ എന്നാണ് വിശദീകരണമെങ്കില് ഉത്തരവില്‍ എഫ്.എല്‍11ലും (ബീയര്‍- വൈന്‍ പാര്‍ലര്‍) വില്‍ക്കാമെന്ന് പറഞ്ഞിരിക്കുന്നത് എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Post Your Comments