മുംബൈ•മുംബൈയില്‍ വജ്രവ്യാപാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സീരിയല്‍ നടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹിന്ദി മറാത്തി സീരിയിലുകളുടെ പ്രശസ്തയായ ദേവൂലീനാ ഭട്ടാചാര്യയെയാണ് കസ്റ്റഡിയിൽ എടുത്തത്.
വജ്രവ്യാപാരിയായ രാജേശ്വരി കിഷോരിലാൽ ഉദാനിയാണ് കൊല്ലപ്പെട്ടത്. ഒരാഴ്ച മുന്‍പ് കാണാതായ വ്യാപാരിയുടെ മൃതദേഹം കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയില്‍ അന്വേഷണം പുരോഗമിക്കവേയാണ് മൃതദേഹം കണ്ടെത്തിയത്. ഉദാനിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാണാതായ ദിവസം നഗരത്തിലെ വിക്രോളിയിലൂടെ യാത്ര ചെയ്തതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. കൂടാതെ, നഗരത്തിലെ നിശാ ക്ലബ്ബുകളിലെ ബാർ ഡാൻസർ വനിതകളുമായി വഴിവിട്ടുള്ള ചില ബന്ധങ്ങളെ കുറിച്ചും പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു. കസ്റ്റഡിയിലായ നടിയുമായി ഇയാൾ കഴിഞ്ഞ കുറെ നാളുകളായി ബന്ധം പുലർത്തിയിരുന്നു.
ഇവരുമായി ഇയാൾക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടിയെ കസ്റ്റഡിയിൽ എടുത്തത്. കാണാതായ ദിവസം ഇരുവരും ഒന്നിച്ച് യാത്ര ചെയ്തതിന്റെ തെളിവുകളും പൊലീസ് ലഭിച്ചിട്ടുണ്ട്. എന്നാൽ, കൊലപതാകവുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിൽ പൊലീസ് ഇതുവരെ സ്ഥീരീകരണം നൽകിയിട്ടില്ല. നടിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Post Your Comments