ശബരിമല: യുവതി പ്രവേശന ഉത്തരവിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒന്നൊന്നായി പോലീസ് ഒഴിവാക്കുന്നു. എന്നാൽ നിരോധനാജ്ഞ പിൻവലിക്കാതെയാണ് നിയന്ത്രണങ്ങൾ നീക്കുന്നത്. സന്നിധാനത്തെ ഭക്തരായ പൊലീസുകാരായി മാറിയിട്ടുണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും. മഹാകാണിക്കയ്ക്കുമുന്നില്‍ പൊലീസ് കെട്ടിയ വടം പൂര്‍ണമായും മാറ്റി.
പതിനെട്ടാം പടിക്ക് താഴെ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് യൂണിഫോമിലും മാറ്റംവരുത്തി. ഇവിടെ ജോലിചെയ്യുന്ന പൊലീസുകാര്‍ ഷൂവിന് പകരം ചെരിപ്പ് ധരിച്ചുതുടങ്ങി. ബെല്‍റ്റിടാതെ ഷര്‍ട്ട് വെളിയിലേക്ക് ഇടുകയും ചെയ്തു. സോപാനത്തു ദര്‍ശനത്തിനു ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച പിന്‍വലിച്ചിരുന്നു. അതിനാല്‍ അയ്യപ്പന്മാര്‍ക്കു സോപാനത്തില്‍ കയറി തൊഴുന്നതിനു തടസമില്ലായിരുന്നു. കൂടാതെ പമ്പയിലും മറ്റുമുണ്ടായിരുന്ന പോലീസിനെയും കുറച്ചതായാണ് സൂചന.
താഴെ തിരുമുറ്റത്തും വലിയ നടപ്പന്തല്‍ ഭാഗത്തും ബാരിക്കേഡുവെച്ച പൊലീസ് നടപടിയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷകസമിതി എതിര്‍പ്പ് അറിയിച്ചിരുന്നു. തിരക്ക് കൂടുന്നപക്ഷം ബാരിക്കേഡുകള്‍ മാറ്റുന്ന കാര്യം പരിഗണിക്കുമെന്നാണ് പൊലീസിന്റെ നിലപാട്.സ്ഥിതിഗതികള്‍ നാളെ ചേരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തും
Post Your Comments