ശബരിമല; ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് അയ്യപ്പവേഷത്തില്‍ സുരക്ഷ ഒരുക്കാനായി പൊലീസ് ഇരുമുടിക്കെട്ട് ശേഖരിക്കുന്ന വാര്‍ത്ത പുറത്തായതോടെ ഈ വാർത്ത ചോർത്തിയെന്നാരോപിച്ചു പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായി റിപ്പോർട്ട്. സന്നിധാനം സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അനിലിനെയാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.തിരക്കിനിടെ തീര്‍ത്ഥാടകരുടെ കൈയില്‍ നിന്ന് വീണു പോകുന്ന ഇരുമുടിക്കെട്ട് പൊലീസുകാര്‍ സൂക്ഷിക്കുന്ന പതിവുണ്ട്.
ഇത് അന്വേഷിച്ച് മഫ്തി പൊലീസ് സന്നിധാനം സ്റ്റേഷനില്‍ എത്തിയിരുന്നു. എന്തിനുവേണ്ടിയാണ് ഇത് ശേഖരിക്കുന്നത് എന്ന് സ്റ്റേഷനിലെ പൊലീസുകാര്‍ തിരക്കിയിരുന്നു. കൂടാതെ സന്നിധാനം ദേവസ്വം ഇന്‍ഫര്‍മേഷന്‍ സെന്ററിലും ഇരുമുടിക്കെട്ട് തേടി പൊലീസ് എത്തി. ഇതിന് തൊട്ടു പിന്നാലെയാണ് പൊലീസ് ഇരുമുടിക്കെട്ട് അന്വേഷിക്കുന്നു എന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത്. ഇത് പൊലീസ് ചോര്‍ത്തിക്കൊടുത്ത വാര്‍ത്തയാണെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് അനിലിനെതിരേ നടപടിയുണ്ടായത്.
അന്ന് സന്നിധാനം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അനിലിനോട് വിശദീകരണം ചോദിച്ചിരുന്നു. അനിൽ അറിയാതെ വാർത്ത പുറത്തു പോകില്ലെന്ന് പറഞ്ഞാണ് നടപടിയെന്നാണ് റിപ്പോർട്ട്. എന്നാൽ വാർത്ത പല സ്ഥലത്തു നിന്നും ലഭിക്കാൻ ഇടയുണ്ടെന്ന് പോലീസുകാർ തന്നെ പറയുന്നു.
Post Your Comments