പത്തനംതിട്ട : അയ്യപ്പനെ കണ്ട് മലയിറങ്ങുമ്പോൾ സന്നിധാനത്ത് നിന്ന് ഒരു കത്തയക്കാം. ശബരീശമുദ്ര പതിപ്പിച്ച കത്ത് ഓരോരുത്തരുടേയും വീടുതേടിയെത്തും. ശബരിമല മാളിക പുറത്തിന് സമീപമുള്ള പോസ്റ്റാഫീസിൽനിന്ന് നാട്ടിലേക്കും സുഹൃത്തുക്കൾക്കും കത്തയക്കുന്നവർ ഏറെയാണ്. കത്തുകളിൽ പതിക്കുന്ന സീൽ പതിനെട്ടാം പടിക്ക് മുകളിൽ ഇരിക്കുന്ന അയ്യപ്പന്റെ രൂപമാണ്. ശബരിമലയിൽനിന്ന് പോകുന്ന കത്തുകളിലെല്ലാം ഈ സ്റ്റാമ്പ് പതിപ്പിക്കും. വളരെ ഭക്തിയോടെയാണ് എല്ലാവരും ഈ സ്റ്റാമ്പ് സൂക്ഷിക്കുന്നത്.
ശബരിമലയിൽ 1960 ലാണ് ബ്രാഞ്ച് പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്. ഇപ്പോൾ സബ് പോസ്റ്റ് ഓഫീസാണ്.1975 ലാണ് പതിനെട്ടാം പടിയുടെ ചിത്രമുള്ള സീൽ പതിപ്പിച്ചു തുടങ്ങിയത്. 689713 എന്നതാണ് ശബരിമലയിലെ പിൻകോഡ്. അയ്യപ്പന്റെ പേരിൽ കണ്ണീരും സ്നേഹവും നിറയുന്ന ഒട്ടേറെ കത്തുകളാണ് ഈ പോസ്റ്റ് ഓഫീസിലെത്തുന്നത്.
വിവാഹം, ഗൃഹപ്രവേശം, ഉദ്‌ഘാടനം തുടങ്ങിയവയ്‌ക്കെല്ലാം ഇവിടേക്ക് കത്തയക്കുന്ന പതിവുണ്ട്. മണിയോർഡറുകളും ഇവിടേക്ക് വരാറുണ്ട്. ഇവിടെ എത്തുന്ന കത്തുകളൊക്കെ ജീവനക്കാർ എക്സിക്യൂട്ടീവ് ഓഫീസറെ ഏൽപ്പിക്കും. സീസണിൽ മാത്രമാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കാറുള്ളത്.
Post Your Comments