ന്യൂഡല്‍ഹി: സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ തന്റെ കൈവശം തെളിവുകളുണ്ടെന്ന് സിബിഐ മേധാവി അലോക് വര്‍മ. അസ്താനയ്ക്കെതിരെ അന്വേഷണം നടത്തിയാല്‍ മാത്രമേ സിബിഐയുടെ നഷ്ട്‌പ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കാനാകൂവെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അലോക് വര്‍മ പറഞ്ഞു.അലോക് വര്‍മക്കെതിരെ ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയാണ് വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയത്.
ഒരു സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കിതീര്‍ക്കാന്‍ അലോക് വര്‍മ രണ്ടുകോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു രാകേഷ് അസ്താനയുടെ പരാതി. എന്നാല്‍ അസ്താന തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പരാതിക്കാരന്റെ ഭാവനയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അലോക് വര്‍മയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
കേന്ദ്ര വിജിലന്‍സ് കമ്മീഷനോ സര്‍ക്കാരിനോ സിബിഐ ഡയറക്ടറെ ചുമതലയില്‍നിന്ന് നീക്കാന്‍ അധികാരമില്ലെന്നും അത്തരമൊരു നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും അന്ന് ഹര്‍ജിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അലോക് വര്‍മയ്ക്ക് പകരം നിയമിച്ച സിബിഐ ഡയറക്ടര്‍ എം നാഗേശ്വര റാവുവിനെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍നിന്ന് സുപ്രീംകോടതി വിലക്കിയിരുന്നു. അലോക് വര്‍മയ്ക്കെതിരെ സിബിഐ തന്നെ ഫയല്‍ ചെയ്ത എഫ്ഐആറിന് മറുപടിയായാണ് അദ്ദേഹം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
Post Your Comments