ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ. പെഗാസസ് ഉപയോഗിച്ച് സി.ബി.ഐ. മുൻമേധാവി അലോക് കുമാർ വർമയുടെ ഫോൺ നമ്പറുകളും നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
സി.ബി.ഐ. മേധാവി സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കം ചെയ്ത് മണിക്കൂറുകൾക്ക് പിന്നാലെയാണ് അലോക് വർമയുടെ പേരിലുള്ള ഫോൺ നമ്പറുകൾ പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് നിരീക്ഷിക്കാൻ ആരംഭിച്ചതെന്നാണ് ‘ദ വയർ’ റിപ്പോർട്ട് ചെയ്യുന്നത്. 2018 ഒക്ടോബർ 23-നാണ് സി.ബി.ഐ. മേധാവി സ്ഥാനത്തുനിന്ന് അലോക് വർമയെ നീക്കിയത്. സർവീസ് അവസാനിപ്പിക്കാൻ മൂന്നു മാസം കൂടി അവശേഷിക്കെയായിരുന്നു നടപടി. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും നമ്പറുകൾ നിരീക്ഷിക്കാൻ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അലോക് വർമയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന മൂന്നു നമ്പറുകൾ നിരീക്ഷണത്തിനോ ചോർത്തലിനോ വിധേയമായിട്ടുണ്ട്. അലോക് വർമയുടെ ഭാര്യയുടെയും മകളുടെയും മകളുടെ ഭർത്താവിന്റെയും സ്വകാര്യ ടെലഫോൺ നമ്പറുകൾ നിരീക്ഷിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട എട്ട് നമ്പരുകളാണ് നിരീക്ഷണത്തിന് വിധേയമായതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Post Your Comments