കൊച്ചി: നരകത്തില്‍ നിന്നുള്ള പദ്ധതിയാണ് കെ-റെയിലെന്നും അത് നടപ്പായാല്‍ കേരളജനതയുടെ ജീവിതം ദുരന്തമാകുമെന്നും പദ്ധതിയുടെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് കുമാര്‍ വര്‍മ. കെ-റെയിലിന് എതിരേ സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലെ ഡിപിആർ വച്ച് സില്‍വര്‍ലൈന്‍ പൂര്‍ത്തിയാക്കാന്‍ 25 കൊല്ലം വേണ്ടി വരുമെന്ന് പദ്ധതിയുടെ കരട് ഡിപിആര്‍ തയാറാക്കിയ അലോക് കുമാര്‍ വര്‍മ ചൂണ്ടിക്കാട്ടി. കൃത്യമായ പഠനം നടത്താതെ സര്‍ക്കാര്‍ എടുത്ത് ചാടുകയാണ്. സില്‍വര്‍ലൈന്‍ ഡിപിആര്‍ കെട്ടിച്ചമച്ച സാങ്കല്‍പിക സൃഷ്ടി മാത്രമാണെന്നും അലോക് കുമാര്‍ വര്‍മ പറഞ്ഞു. നിലവിലുള്ള സ്റ്റേഷനുകളെ ആശ്രയിച്ച് ബ്രോഡ്‌ഗേജാക്കി റെയില്‍പ്പാത വികസിപ്പിച്ചാല്‍ പദ്ധതിച്ചെലവ് പകുതിയിലേറെ കുറയുമെന്നും അലോക് വര്‍മ പറഞ്ഞു.
റെയില്‍ കടന്നുപോകുന്ന ഇടങ്ങളില്‍ സാമൂഹികാഘാതം ഭീകരമായിരിക്കും. കഴിഞ്ഞ നാലുവര്‍ഷം പെള്ളപ്പൊക്കമുണ്ടായ ഇടങ്ങളിലൂടെയാണ് പാത പോകുന്നത്. പാതയിലെ 93 ശതമാനം ഭൂമിയും ദുര്‍ബലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കെ-റെയിലുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളെല്ലാം ഭാവനാസൃഷ്ടിയാണ്. 2018-ല്‍ നല്‍കിയ കത്തില്‍ റെയില്‍വേ വ്യക്തമായി പറയുന്നത് ഇത് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണെന്നാണ്. അതിന്റെ ബാധ്യതകള്‍ സംസ്ഥാനം വഹിക്കേണ്ടിവരുമെന്നും അലോക് വര്‍മ പറഞ്ഞു.
Post Your Comments