![](/wp-content/uploads/2018/12/people-arrested.jpg)
അടിമാലി: മീന്‍ വില്പനക്കാരനായ 68കാരന് നേരെ ആള്‍ക്കൂട്ട ആക്രമണം നടത്തിയ മൂന്ന് പേര്‍ മൂന്നാര്‍ പൊലീസിന്റെ പിടിയിലായി. മാങ്കുളം സ്വദേശികളായ ജോര്‍ജ്, അരുണ്‍, എബി എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന സജി, ജയേഷ് തുടങ്ങിയവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. പത്താംമൈല്‍ സ്വദേശി താണേലില്‍ മക്കാറിന് നേരെയാണ് നാല് ദിവസം മുമ്ബ് മാങ്കുളം കുവൈറ്റ് സിറ്റിയില്‍ വച്ച് ആക്രമണമുണ്ടായത്. മീന്‍വില്പന കഴിഞ്ഞ് അടിമാലിക്ക് മടങ്ങവേ അക്രമികള്‍ വാഹനം തടഞ്ഞ് നിറുത്തി വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നെന്ന് മക്കാര്‍ പറഞ്ഞു.
മീന്‍ വാങ്ങിയ പണം നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നും കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മക്കാര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റെങ്കിലും ഇതുമായി ബന്ധപ്പെട്ട് മക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. സ്ത്രീവിഷയവുമായി ബന്ധപ്പെട്ട കള്ളക്കേസില്‍ കുടുക്കുമെന്ന് ആക്രമണം നടത്തിയ സംഘം ഭീഷണിപ്പെടുത്തിയിരുന്നെന്ന് മക്കാര്‍ പൊലീസിനോട് പറഞ്ഞു. ആക്രമണ സമയത്ത് ദൃക്‌സാക്ഷികളിലാരോ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് പിന്നീട് നവമാദ്ധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെ സംഭവം ചര്‍ച്ചയാകുകയും പൊലീസ് വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയുമാണുണ്ടായത്.
Post Your Comments