തിരുവനന്തപുരം : വൃദ്ധന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് മ്യൂസിയം പൊലീസ് കേസെടുത്തു. ജഗതി പഞ്ചമി ഗാര്‍ഡന്‍ ഹൗസ് നമ്ബര്‍ 11ല്‍ വിജയകുമാറിന്റെ (70) മരണത്തിലാണ് ബാലരാമപുരം സ്വദേശി സുരേഷ് മണിക്കെതിരെ കേസെടുത്തത്.
തമിഴ്നാട് മണവാളക്കുറിച്ചി സ്വദേശിയായ വിജയകുമാര്‍ സഹോദരി ജയയോടൊപ്പം ജഗതിയിലാണ് താമസം. അവിവാഹിതനാണ്.
ജഗതി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തായി ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ നാലിനാണ് പ്രഭാത സവാരിക്ക് പോയ വിജയകുമാറിനെ യൂബര്‍ ടാക്സി ഇടിച്ചത്. തുടര്‍ന്ന് സമീപത്തെ ആള്‍താമസമില്ലാത്ത വീടിന്റെ കാര്‍ ഷെഡിലേക്ക് തെറിച്ചു വീണ വിജയകുമാറിനെ ആരും കണ്ടില്ല. സമീപത്തെ വൈദ്യുതി പോസ്റ്റും കാര്‍ തകര്‍ത്തിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. വിജയകുമാറിനെ ഇടിച്ചിട്ടത് ശ്രദ്ധിച്ചിരുന്നില്ലെന്ന് സുരേഷ് മണിയും പൊലീസിനോട് പറഞ്ഞു. പോസ്റ്റില്‍ ഇടിച്ചെന്നു മാത്രമാണ് കരുതിയത്. ഇടിയുടെ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന താന്‍ അല്പം അകലെ കാര്‍ നിറുത്തി ഇറങ്ങി നോക്കിയപ്പോഴാണ് പോസ്റ്റ് തകര്‍ന്നത് കാണുന്നതെന്നും സുരേഷ് മണി പറഞ്ഞു. നാട്ടുകാര്‍ കൂടുന്നതിന് മുമ്ബ് ഇവിടെ നിന്ന് രക്ഷപ്പെട്ട സുരേഷ് അപകട വിവരം കാര്‍ ഉടമയെ അറിയിച്ചിരുന്നു.
Post Your Comments