ലക്നൗ : യു.പിയില്‍ കലാപം പൊട്ടിപുറപ്പെട്ടു. സബ്ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ രണ്ട് പേര് ദാരുണമായി കൊല്ലപ്പെട്ടു. ഗോവധത്തിന്റെ പേരിലാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഞായറാഴ്ച 25 പശുക്കളുടെ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയായിരുന്നു സംഘര്‍ഷം. പ്രദേശത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നടന്ന കല്ലേറിലാണ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ മരിച്ചത്.
മരിച്ച മറ്റൊരാള്‍ പ്രദേശവാസിയാണ്. ഒരു പൊലീസ് കോണ്‍സ്റ്റബിളിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തലയ്ക്കേറ്റ ഗുരുതരമായ പരുക്കിനെ തുടര്‍ന്നാണ് സുബോധ് കുമാര്‍ മരിച്ചത്. അതേസമയം പൊലീസ് ഉദ്യോഗസ്ഥന് നേരെയുള്ള അക്രമത്തിന്റെ ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വിഡിയോയില്‍ ഉള്ള പുരുഷനെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി.വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം സത്യം പുറത്തുവരുമെന്ന് പൊലീസ് അറിയിച്ചു.
ഗോവധം, ആള്‍ക്കൂട്ട അതിക്രമം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തില്‍ 2 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ഗ്രാമത്തിനു പുറത്തുള്ള വനപ്രദേശത്താണ് പശുക്കളുടെ ജഡത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
Post Your Comments