ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന് ബില്‍ഗേറ്റ്സിനെ പോലും കണ്ണീരിലണിയിച്ചി കഥപറയുകയാണ് ഒരു ഇന്ത്യന്‍ പുസ്തകം. ഗേറ്റ്സ് ഫൗണ്ടേഷന്റെ എയ്ഡ്സ് നിവാരണ പദ്ധതിയുടെ തലവനായിരുന്ന അശോക് അലക്സാണ്ടറിന്റെ ‘ലൈംഗികത്തൊഴിലാളിയുടെ കഥ’ പറയുന്ന ‘എ സ്ട്രെയ്ഞ്ചര്‍ ട്രൂത്ത്: ലെസണ്‍സ് ഇന്‍ ലവ്, ലീഡര്‍ഷിപ്പ് ആന്റ് കറേജ് ഫ്രം ഇന്ത്യാസ് സെക്സ് വര്‍ക്കേഴ്സ്’ എന്ന പുസ്തകമാണ് ബില്‍ഗേറ്റ്സിനെ കണ്ണീരണിയിച്ച കഥപറയുന്നത്. ഫൗണ്ടേഷന്റെ പരിപാടികളുടെ ഭാഗമായാണ് മൈക്രോസോഫ്റ്റ് സ്ഥാപകനും പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബില്‍ ഗേറ്റ്സ് ഭാര്യ മെലിന്‍ഡയ്ക്കൊപ്പം ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് നിരവധി ലൈംഗികത്തൊഴിലാളികളുമായി ഇവര്‍ സംസാരിച്ചു. ഈ കൂടിക്കാഴ്ചയ്ക്കിടെ നടന്ന സംഭവമാണ് അശോക് തന്റെ പുസ്തകത്തിലൂടെ വിശദീകരിക്കുന്നത്.
ലൈംഗികത്തൊഴിലാളികളായ സ്ത്രീകള്‍ നിരന്നിരിക്കുന്ന തറയില്‍ ബില്‍ഗേറ്റ്സും ഭാര്യയും ഇരുന്നു.ഓരോ സ്ത്രീകളും തങ്ങളുടെ കഥകള്‍ അവരോട് വിശദീകരിച്ചു. ദുരിതവും അകറ്റിനിര്‍ത്തലും തുടങ്ങി തങ്ങള്‍ അനുഭവിച്ച യാതനകളാണ് അവരേറെയും പങ്കുവെച്ചത്. ചിലര്‍ മാത്രമാണ് ജീവിതത്തില്‍ എന്തെങ്കിലും പ്രതീക്ഷവെച്ച് സംസാരിച്ചത്, അശോക് പറഞ്ഞു. ഇതിനിടെ ബില്‍ ഗേറ്റ്സിനോട് തന്റെ ജീവിതത്തെ കുറിച്ച് പറയുകയായിരുന്നു ഒരു സ്ത്രീ. താന്‍ ലൈംഗികത്തൊഴിലാളിയാണെന്ന സത്യം സ്വന്തം മകളില്‍ നിന്ന് മറച്ചുപിടിച്ച ഒരമ്മ. ഒരിക്കലും തന്റെ മകള്‍ അറിയരുതെന്ന് അവര്‍ ആഗ്രഹിച്ച ആ കാര്യം ഒരു നാള് അവള് അറിഞ്ഞു മാത്രമല്ല ഇതറിഞ്ഞ കൂട്ടുകാരുടെ മുമ്പില്‍ പരിഹാസ പാത്രമായ അവള് ഒരുമുഴം കയറില്‍ ജീവിതമവസാനിപ്പിക്കുകയായിരുന്നു.
മുറിയിലെ ഫാനില്‍ തൂങ്ങിയാടുന്ന മകള്‍, തൊട്ടടുത്ത് അവളെഴുതിയ കുറിപ്പ്, ഇനിയും ഇത് താങ്ങാനാകില്ല. ഇത്രയും കേട്ടപ്പോള്‍ തന്നെ എന്റെ തൊട്ടടുത്തിരു ബില്‍ നിശബ്ദനായി തല താഴ്ത്തി കരയുകയായിരുന്നു, എന്ന് അശോക് പറയുന്നു.പുസ്തകത്തില്‍ തന്റെ നീണ്ട കാലത്തെ സാമൂഹ്യപ്രവര്‍ത്തനത്തെ കുറിച്ചും, അതില്‍ ഗേറ്റ്സ് ഫൗണ്ടേഷന് വഹിച്ച പങ്കിനെ കുറിച്ചുമെല്ലാം അശോക് അലക്സാണ്ടര്‍ എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ ലൈംഗികത്തൊഴിലാളികളുടെ ജീവിതവും എയ്ഡ്സ് രോഗത്തെ ഇന്ത്യ ഏതെല്ലാം രീതിയില്‍ ചെറുത്തുവെന്നും അശോക് തന്റെ പുസ്തകത്തിലൂടെ വിശദമാക്കുന്നു.
Post Your Comments