ന്യൂഡല്‍ഹി: ട്വന്റി-20 വനിതാ ലോകകപ്പ് സെമിയിൽ തന്നെ ഒഴിവാക്കിയതിന് കാരണം കോച്ച് രമേശ് പവാറാണെന്ന വെളിപ്പെടുത്തലുമായി മിതാലി രാജ്. ബി.സി.സി.ഐ ഭാരവാഹികള്‍ക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബി.സി.സി.ഐയുടെ താത്കാലിക ഭരണ സമിതി അംഗവും മുന്‍ ഇന്ത്യന്‍ താരവുമായ ഡയാന എഡുല്ജിക്കെതിരെയും കടുത്ത പരാമര്‍ശങ്ങള്‍ ഉണ്ട്.
രണ്ട് ദശാബാദക്കാലത്തെ കരിയറില്‍ ആദ്യമായാണ് ഇങ്ങൊനൊരു അവസ്ഥ അഭിമുഖീകരിക്കുന്നത്. ഞാന്‍ ഇതുവരെ രാജ്യത്തിന് നല്കിയ സംഭാവനകള്‍ക്കൊന്നും ഒരു വിലയുമില്ലാതായിപ്പോയെന്ന് ചിന്തിക്കാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ട് കടുത്ത നിരാശയിലാണ് ഞാന്‍. കോച്ച് പവാറുമായുള്ള പ്രശ്നങ്ങള്‍ തുടങ്ങിയത് വെസ്റ്റിന്‍ഡീസില്‍ എത്തിയതിന് ശേഷമാണ്. നെറ്റ്സില്‍ മറ്റുള്ളവര്‍ ബാറ്റ് ചെയ്യുമ്പോൾ അയാളുണ്ടാകും. എന്നാൽ ഞാൻ എത്തിയാൽ അവിടെ നിന്ന് പോകും. അതിന്റെ കാരണം അറിയില്ല. ഇക്കാര്യങ്ങളില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ ടീം മാനേജറെ കണ്ടു. ഇത് വിപരീത ഫലമാണുണ്ടാക്കിയത്. ഞാന്‍ വിഷ് ചെയ്താല്‍പോലും കോച്ച് പ്രതികരിക്കാതായി. ഞാന്‍ സംസാരിക്കാന്‍ ചെന്നാല്‍ ഫോണില്‍ നോക്കുന്നത് പോലെ അഭിനയിച്ച് ഒഴിവാക്കും. ട്വന്റി-20 ക്യാപ്ടന് ഹര്മ്മന്പ്രീതുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. പക്ഷേ എന്നെ ഒഴിവാക്കാനുള്ള കോച്ചിന്റെ തീരുമാനത്തെ ഹര്‍മ്മന്‍ പിന്തുണച്ചത് ഏറെവേദനയുളവാക്കി. ഭരണസമിതി അംഗമെന്ന നിലയില്‍ ഡയാന എഡുല്ജിയോട് എനിക്ക് തികഞ്ഞ ബഹുമാനമായിരുന്നു. വെസ്റ്റിന്‍ഡീസില്‍ നടന്ന സംഭവങ്ങള്‍ മുഴുവന്‍ ഞാന്‍ അവരോട് പറഞ്ഞിട്ടും എനിക്കെതിരെ തിരിഞ്ഞു. തികച്ചും പക്ഷാപാതപരമായ നിലപാടാണ് ഡയാനയുടേത്. എല്ലാമറിഞ്ഞിട്ടും അവരിങ്ങനെ പെരുമാറുന്നത് പദവി ഉപയോഗിച്ച് തന്നെ തകർക്കാനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായും മിതാലി കത്തിൽ വ്യക്തമാക്കുന്നു.
Post Your Comments