പത്തനംതിട്ട: ശബരിമലയില്‍ ഭക്തയെ അക്രമിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി വിധി പറയാന്‍ മറ്റന്നാളേക്ക് മാറ്റി. കേസില്‍ ഇന്ന് വാദം പൂര്‍ത്തിയായി. അഡ്വക്കറ്റ് കെ രാംകുമാറാണ് സുരേന്ദ്രന് വേണ്ടി ഹാജരായത്. നിയമവിരുദ്ധമായാണ് സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്തതെന്ന് രാം കുമാര്‍ വാദിച്ചു.
പ്രൊഡക്ഷന്‍ വാറണ്ടുകള്‍ക്കായി പോലിസ് കാത്തിരുന്നു. ജാമ്യം ലഭിക്കുമ്പോള്‍ വാറണ്ടുകള്‍ ഉണ്ടായിരുന്നില്ലെന്നും രാം കുമാര്‍ വാദിച്ചു.അതേ സമയം മറ്റൊരു കേസില്‍ സുരേന്ദ്രന് ഇന്ന് ജാമ്യം ലഭിച്ചിരുന്നു. നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസിലാണ് ജാമ്യം കിട്ടിയത്. എന്നാല്‍ 52കാരിയെ തടഞ്ഞുവെന്ന കേസില്‍ ജാമ്യം ലഭിക്കാതെ സുരേന്ദ്രന് ജയില്‍ മോചിതനാകാന്‍ സാധിക്കില്ല. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.
ജാമ്യം നല്‍കുന്നത് കേസിന്റ അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. അതേസമയം മറ്റ് കേസുകളില്‍ ജാമ്യം ലഭിച്ച സമയത്ത് സുരേന്ദ്രനെതിരെ വാറണ്ടുണ്ടായിരുന്നോ എന്ന് കോടതി ചോദിച്ചു. നേരത്തെ സര്‍ക്കാര്‍ വാദം അംഗീകരിച്ച പത്തനംതിട്ട കോടതി സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരുന്നു. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചുവെന്ന കുറ്റത്തിന് ജാമ്യം ലഭിച്ചയുടന്‍ നിരവധി വാറണ്ടുകളുമായി പോലിസ് എത്തുകയായിരുന്നു.
നിരവധി കേസുകളില്‍ സുരേന്ദ്രനം പ്രതിചേര്‍ക്കുകയും ചെയ്തു. നാല് കേസുകളില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. രാഷ്ട്രീയ പകപോക്കലിനായി സര്‍ക്കാര്‍ പോലിസുകാരെ ഉപയോഗിക്കുകയാണെന്ന് സുരേന്ദ്രന് ആരോപിച്ചിരുന്നു. ഓഫിസര്‍മാര്‍ തിരുവനന്തപുരത്ത് നിന്ന് അപ്പപ്പോള്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Post Your Comments