
കണ്ണൂര്‍: ശബരിമലയിൽ ഭക്തരോട് കാണിച്ച ക്രൂരതയുടെ സര്‍ട്ടിഫിക്കറ്റ് ലോകം പിണറായിക്ക് നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ശബരിമലയിൽ പൊലീസിനെ അയച്ച് സംഘര്‍ഷമുണ്ടാക്കിയ മുഖ്യമന്ത്രിക്ക് അയ്യപ്പന്റെ ശാപം ഏറ്റു കഴിഞ്ഞെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അയ്യപ്പഭക്തരെ ഭേദ്യം ചെയ്ത് കാട്ടുനീതി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി കര്‍പ്പൂരാഴിയില്‍ ചാടിയാലും അയ്യപ്പശാപത്തില്‍ മോക്ഷമുണ്ടാവില്ലെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
ശബരിമല ദർശനത്തിനെത്തിയ കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. അഭിനവ ഹിരണ്യ കശിപുവായ പിണറായിയെ ജനം തെരുവില്‍ കുറ്റവിചാരണ നടത്തും- ശോഭ സുരേന്ദ്രന്‍ പറഞ്ഞു. എസ്.പി യതീഷ് ചന്ദ്രയെയും ശോഭ രൂക്ഷമായി വിമര്‍ശിച്ചു.
ബൂട്ടിട്ട യതീഷിന്റെ കാല്‍ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം. ലാത്തിയേക്കാള്‍ വലിയ ശക്തി ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ മുറപ്രയോഗം നടത്താന്‍ തീരുമാനിച്ചാല്‍ കാലു പൊന്തിക്കാനാവില്ലെന്ന് യതീഷ് ചന്ദ്ര ഓര്‍ക്കണം. അതുകൊണ്ട് നീതിയും നിയമവും ലംഘിക്കാന്‍ പൊലീസ് വരരുത്. ഭക്തരെ ബൂട്ടിട്ടു ചവിട്ടുന്ന പൊലീസ് രാജ് തുടര്‍ന്നാല്‍ ശബരിമലയില്‍ പണം വരണോയെന്നു നാം ചിന്തിക്കുമെന്നും ശോഭ കൂട്ടിച്ചേർത്തു.
Post Your Comments