
തിരുവനന്തപുരം: പളളിക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ചില സ്ഥലങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം സ്കൂള്‍ , കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവരില്‍ കൂടിയതോടെ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി പി അശോക് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കെെയ്യില്‍ സൂക്ഷിച്ച ഇരുവര്‍ സംഘത്തെ പോലീസ് വലയിലാക്കിയത്. കടയ്ക്കാവൂര്‍ നിലക്കാ മുക്ക്, മംഗ്ലാവിള നെടിയവിള വീട്ടില്‍ അനുദാസ് (19) , കടയ്ക്കാവൂര്‍ നിലക്കാമുക്ക് പാട്ടികവിള പുതുവല്‍വിള വീട്ടില്‍ സുബിന് രാജ് (19) എന്നിവരെ ആണ് റൂറല്‍ ഷാഡോ പോലീസിന്റെ സഹായത്തോടെ സബ്ബ് ഇന്‍സ്പെക്ടര്‍ വി ഗംഗാപ്രസാദിന്റെ നേതൃത്വത്തില്‍ പളളിക്കല്‍ പോലീസ് പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍.
ഒന്നര കിലോയോളം കഞ്ചാവാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. പള്ളിക്കല്‍ ഗവണ്മെന്റ് ഹൈസ്കൂളിന് സമീപത്ത് നിന്നാണ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്‍പ്പനക്കായി ഇവര്‍ ഉപയോഗിച്ചിരുന്ന മോട്ടോര്‍ സൈക്കിളും പോലീസ് പിടിച്ചെടുത്തു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ വില്‍പ്പനക്കായി കേരളത്തില്‍ കഞ്ചാവ് എത്തിച്ചിരുന്നത്. പ്രതികളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Post Your Comments