Latest NewsKerala

ശബരിമലയിലെ വരുമാനക്കുറവ് ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കുന്നു

തിരുവനന്തപുരം: സ്ത്രീ പ്രവേശന വിഷയത്തിൽ ശബരിമലയിലുണ്ടായ വരുമാനക്കുറവ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കുന്നു. ഈ വർഷം ബോർഡിന്റെ ആകെ വരുമാനം 682 കോടി രൂപയാണ്. പെൻഷൻ സ്ഥിരനിക്ഷേപ വിഹിതം നീക്കിവെച്ചത് ഉൾപ്പെടെ ചെലവ് 677 കോടി. ആദ്യ ആറു ദിവസത്തെ വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 14.34 കോടി കുറവുണ്ട്.

ശബരിമലയിൽ അയ്യപ്പ ഭക്തരുടെ എണ്ണത്തിൽ കുറവ് വന്നതാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാൻ കാരണമായത്. വരുമാനം കുറഞ്ഞതോടെ ജീവനക്കാരുടെ ശമ്പളവിതരണത്തെ അത് ബാധിക്കും. എന്നാൽ പെൻഷൻ ഫണ്ടിൽ പണമുള്ളതിനാൽ പെൻഷൻകാരെ നാലുവർഷത്തേക്ക് സാമ്പത്തിക പ്രതിസന്ധി ബാധിക്കില്ല.

കഴിഞ്ഞകൊല്ലത്തെ വരുമാനത്തിൽ ശബരിമലയിലെ വരവ് 330.43 കോടി. ഇതിൽ 75 കോടി ശബരിമലയിൽത്തന്നെ ചെലവഴിച്ചു. ബാക്കി തുകയുടെ വിഹിതം വരുമാനമില്ലാത്ത ക്ഷേത്രങ്ങൾക്കായി നീക്കിവെക്കണം. ശബരിമല തീർഥാടനകാലത്ത് വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി. സേവനങ്ങൾക്ക് പണം നൽകണം. വാട്ടർഅതോറിറ്റിക്ക് നിലവിൽ കോടികളുടെ കുടിശ്ശികയുണ്ട്. മറ്റ് സർക്കാർ വകുപ്പ് ജീവനക്കാരുടെ താമസ-ഭക്ഷണച്ചെലവും ബോർഡ് വഹിക്കണം.

അരവണ നിർമാണവും ഭാരിച്ച ചെലവാണ് ദേവസ്വം ബോർഡിന്. താത്കാലികക്കാർ ഉൾപ്പെടെ 5250-ഓളം ജീവനക്കാർക്ക് ശമ്പളത്തിനുമാത്രം മാസം വേണ്ടത് ശരാശരി 30 കോടി. ബോണസുൾപ്പെടെ 65 കോടിയാണ് ആവശ്യം . ഇതിലാണ് കുറവ് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button