കൊച്ചി: താന്‍ ഹുക്ക വലിക്കുന്നതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഹനാന് ഹനാനി. ലഹരിയുടെ അംശമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്ന് മനസ്സിലായതിനാല്‍ ഒരു കൗതുകത്തിന് വേണ്ടിയാണ് താന്‍ ഹുക്ക വലിച്ചതെന്ന് ഹനാന് പറഞ്ഞു. അതേസമയം ഹുക്ക വലിക്കുന്ന വീഡിയോ എടുത്ത് വ്യാജപ്രചരണം നടത്തുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഹനാന് വ്യക്തമാക്കി.
ദുഷ്ടലാക്കോടെയാണ് ചിലര്‍ താന്‍ ഹുക്ക വലിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതെന്ന് ഹനാന് പറഞ്ഞു. ഇതിനെതിരെ ഹനാന് കൊച്ചി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ ഹനാന് ഹുക്ക വലിക്കുന്ന വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിലാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ”കേരളത്തിന്റെ ദത്തുപുത്രിയെന്ന് പിണറായി വിജയന് വാഴ്ത്തിയ ഹനാന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ 1000 രൂപയ്ക്കു ഹുക്കവലിക്കുന്നു” എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പ്രചരിപ്പിച്ചിരുന്നത്. സംഭവത്തില്‍ വിശദീകരണവുമായി ഹനാന് ഫേസ്യ്ബുക്ക് ലൈവും ഇട്ടിട്ടുണ്ട്.
ചില സിനിമാ ചര്‍ച്ചകള്‍ക്കായി മാരിയറ്റില്‍ പോയിരുന്നു. അവിടെ ആളുകളിരുന്ന് ഹുക്ക വലിക്കുന്നത് കണ്ടപ്പോള്‍ അവിടത്തെ സ്റ്റാഫിനോട് ഇതെന്താണെന്ന് ചോദിച്ചു. അറബികള്‍ റിഫ്രഷ്മെന്റിനും മറ്റുമായി സാധാരണ ഉപയോഗിക്കാറുള്ളതാണ് ഇതെന്നും നിക്കോട്ടിന് ഉള്‍പ്പെടെയുള്ള ലഹരി കലര്‍ന്നതൊന്നും ഇതിലില്ലെന്നും അവര്‍ പറഞ്ഞു. അപ്പോള്‍ തോന്നിയ ഒരു കൗതുകം കൊണ്ടാണ് ഹുക്ക വലിച്ചതെന്ന് ഹനാന് പറഞ്ഞു. ധാരാളം മലയാളികള്‍ അവിടെയുണ്ടായിരുന്നെന്നും എന്നാല്‍, ചിലര്‍ അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഹനാന് വ്യക്തമാക്കി. ഉപജീവനത്തിനായി പഠനത്തോടൊപ്പം മീന്‍ വില്‍പ്പന നടത്തി ശ്രദ്ധനേടിയ പെണ്‍കുട്ടിയാണ് ഹനാന്.
Post Your Comments