തിരുവനന്തപുരം•മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. : കേരളത്തിലെ ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് പൂട്ടിടുകയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവും കേരള കേഡര്‍ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ അജിത് ഡോവലാണ് ഈ നിര്‍ണായകനീക്കത്തിന്റെ ബുദ്ധികേന്ദ്രമെന്നും ഒരു പ്രമുഖ മലയാള ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനസര്‍ക്കാരുമായി നിയമപോരാട്ടം നടത്തി ഡി.ജി.പി സ്ഥാനം തിരിച്ചുപിടിച്ച സെന്‍കുമാറിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിയമിക്കുന്നത് കേരളത്തിലെ ബി.ജെ.പിക്ക് എന്തുകൊണ്ടും ഗുണകരമാകുമെന്ന വിലയിരുത്തല്‍. ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അടുത്തിടെ കേരളത്തിലെത്തിയപ്പോള്‍ സെന്‍കുമാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അമിത് ഷാ കൂടിക്കാഴ്ച വേളയില്‍ സെന്‍കുമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. അന്ന് ഷായെ സന്ദര്‍ശിച്ച പ്രമുഖരില്‍ പലരും ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും സെന്‍കുമാര്‍ അംഗത്വമെടുക്കാതിരുന്നത് ഭാവിയില്‍ തേടിയെത്താനിരിക്കുന്ന പദവിക്കു മുന്നോടിയായായിരുന്നുവെന്നാണ് സൂചന.
സെന്‍കുമാറിനെ കേരളത്തില്‍ തന്നെ ഗവര്‍ണര്‍ ആക്കണമെന്നാണ് ചില ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഗവര്‍ണര്‍ ആകുന്നയാളെ സ്വന്തം സംസ്ഥാനത്ത് നിയമിക്കുന്ന കീഴ്‌വഴക്കമില്ല. എന്നാല്‍ അത് പാടില്ലെന്ന വ്യവസ്ഥ ഭരണഘടനയില്‍ ഇല്ല താനും. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ മോഡി സര്‍ക്കാര്‍ ഗവര്‍ണറായി നിയമിച്ചതും കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചായിരുന്നു. സെന്‍കുമാറിനെ ഗവര്‍ണര്‍ സ്ഥാനത്ത് കേരളത്തില്‍ എത്തിച്ചാല്‍ അതിലൂടെ പിണറായി സര്‍ക്കാരിന് കത്രിക പൂട്ടിടാമെന്നാണ് കണക്കുകൂട്ടല്‍.
പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ നടപടിക്കെതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും പിണറായി സര്‍ക്കാരിന് വലിയ ക്ഷീണമുണ്ടായിരുന്നു. വിരമിച്ച ശേഷം അദ്ദേഹത്തെ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കാനുള്ള നീക്കവും സര്‍ക്കാര്‍ മുടക്കിയിരിക്കുകയാണ്.
Post Your Comments