കൊച്ചി: സാമ്പത്തിക ബാധ്യതമൂലം രാജ്യത്തെ 1.13 ലക്ഷത്തോളം എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നു. അടുത്ത മാര്‍ച്ചോടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനാണ് തീരുമാനം. ഒരു ലക്ഷത്തോളം ഓഫ് സൈറ്റ് എ.ടി.എമ്മുകളും 15,000-ത്തിനുമേല്‍ വൈറ്റ് ലേബല്‍ എ.ടി.എമ്മുകളും ഇതില്‍ ഉള്‍പ്പെടും. ഇതോടെ രാജ്യമൊട്ടാകെയുള്ള പകുതിയോളം എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം നിലയ്ക്കും.
എ.ടി.എമ്മുകളുടെ സുരക്ഷ സംബന്ധിച്ചും ഹാര്‍ഡ്വെയറുകള്‍, സോഫ്റ്റ്വെയറുകള്‍ എന്നിവ സംബന്ധിച്ചും അടുത്തിടെ ഉണ്ടായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വേണ്ടി വരുന്ന വലിയ ചെലവ് താങ്ങാനാകാത്തതാണ് അടച്ചു പൂട്ടലിന്റെ കാരണം. ആഭ്യന്തര എ.ടി.എം. സേവന ദാതാക്കളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് എ.ടി.എം. ഇന്‍ഡസ്ട്രി (സി.എ.ടി.എം.ഐ.) യാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്.
പണം കൈകാര്യം ചെയ്യുന്ന നിലവാരം, പണം നിറയ്ക്കുന്ന സംവിധാനം എന്നിവ സംബന്ധിച്ച് അടുത്തിടെ വരുത്തിയ നിബന്ധനകള്‍ തങ്ങള്‍ക്ക് താങ്ങാവുന്നതല്ല. അതേസമയം ഈ ചെലവുകള്‍ ബാങ്കുകള്‍ ഏറ്റെടുക്കുകയാണെങ്കില്‍ പ്രവര്‍ത്തനം നിലനിര്‍ത്താമെന്നാണ് അവര്‍ പറയുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് പണലഭ്യത കുറഞ്ഞതുമൂലം വന്‍ നഷ്ടമാണ് ഈ മേഖല നേരിട്ടതെന്നും സി.എ.ടി.എം.ഐ. ആരോപിച്ചു.
അതേസമയം എടിഎമ്മുകള്‍ അടച്ചു പൂട്ടാനുള്ള ഇപ്പോഴത്തെ തീരുമാനം ഗ്രാമീണ മേഖലയെയാണ് ഗുരുതരമായി ബാധിക്കുക. ഗ്രാമീണ മേഖലയിലുള്ള എ.ടി.എമ്മുകള്‍ ഭൂരിഭാഗവും നഷ്ടത്തിലായതിനാല്‍ അടച്ചുപൂട്ടുന്നവയില്‍ ഭൂരിഭാഗവും ഈ മേഖലയിലുള്ളതായിരിക്കും.
Post Your Comments