പത്തനംതിട്ട : മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് തുറക്കാനിരിക്കെ എരുമേലി ടൗണിലും പരിസരത്തും നിരോധനാജ്ഞ. നാളെ രാവിലെ ഏഴുദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നേരത്തെ ഇലവുങ്കൽ മുതൽ സന്നിധാനം വരെ ഇന്ന് അർദ്ധരാത്രി മുതൽ 22വരെ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. തീർത്ഥാടകർക്കും വാഹനങ്ങൾക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴുണ്ടായ പ്രതിഷേധം ഇത്തവണയും ഉണ്ടാകുമെന്ന സാധ്യത മുന്നിൽ കണ്ടാണ് നടപടി.
ശബരിമലയില്‍ ക്രമസമാധാന നില വഷളാകാൻ സാധ്യതയെന്നാണ് ഇന്‍റലിജന്‍സ് റിപ്പോർട്ട്. പ്രക്ഷോഭകാരികൾ പല ഘട്ടങ്ങളായി സന്നിധാനത്തെത്താന്‍ തയ്യാറെടുക്കുന്നെന്നും കാനനപാതവഴി നടന്നാവും കൂടുതൽ പേർ എത്തുകയെന്നും ഇന്‍റലിജന്‍സ് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം നടയടച്ച ശേഷം സന്നിധാനത്ത് തങ്ങാൻ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി പറഞ്ഞു.
15,259 പോലീസ് ഉദ്യോഗസ്ഥരെയാണു ശബരിമലയിലും പരിസരത്തുമായി സുരക്ഷയ്ക്കു നിയോഗിച്ചിട്ടുളളത്. എസ്പി, എഎസ്പി തലത്തില്‍ ആകെ 55 ഉദ്യോഗസ്ഥര്‍ സുരക്ഷാചുമതലകള്‍ക്കായി ഉണ്ടാകും. സന്നിധാനത്തു 20 അംഗങ്ങളുള്ള കേരള പോലീസ് കമാന്‍ഡോ സംഘത്തെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. മണിയാറില്‍ ഏതു സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടിന്റെ ഒരു പ്ലറ്റൂണിനെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
Post Your Comments