പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ തീരുമാനത്തില്‍ നിയമോപദേശം തേടിയെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. പ്രശ്‌നമുണ്ടാക്കി മുമ്പോട്ട് പോകുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും അറിയിച്ചിട്ടുണ്ട്. മണ്ഡലകാലത്ത് യുവതി പ്രവേശനം അനുവദിക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് പന്തളം കൊട്ടാരവും തന്ത്രികുടുംബവും വ്യക്തമാക്കി.
ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗവും തന്ത്രിയും പന്തളം രാജകുടുംബങ്ങളുമായുള്ള ചര്‍ച്ചയും നാളെ നടക്കാനിരിക്കെ തന്ത്രിമാരുടെ നിലപാട് യോഗത്തില്‍ വ്യക്തമാക്കുമെന്ന് കണ്ഠര് മോഹനര് വ്യക്തമാക്കി. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചര്‍ച്ച.ശബരിമലയില്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ നിന്നും പന്തളം, തന്ത്രി കുടുംബാംഗങ്ങള്‍ പിന്‍മാറിയിരുന്നു. എന്നാല്‍ മണ്ഡലകാലം കഴിയുന്നത് വരെ സുപ്രീംകോടതി വിധിക്ക് സ്റ്റേയില്ലെങ്കിലും പുനഃപരിശോധനാ ഹർജി പരിഗണിക്കാനായി മാറ്റി വെച്ചതോടെ ഇരു വിഭാഗവും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുകയായിരുന്നു.
അതേസമയം തുലാമാസ പൂജയ്ക്കിടെയും ചിത്തിര ആട്ടവിശേഷത്തിനിടെയും ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മണ്ഡലകാലത്ത് സമവായത്തിലൂടെ കാര്യങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ നീക്കം നടക്കുന്നത്. നാളെ ചേരുന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാകും ശബരിലമലയില്‍ മണ്ഡലകാലത്തെ കാര്യങ്ങള്‍ തീരുമാനിക്കുക. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്ന കാര്യം എന്‍.ഡി.എ യോഗത്തില്‍ ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കി. വിശ്വാസികള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കാന്‍ തയ്യാറല്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
വിശ്വാസികളുടെ വിശ്വാസം ആര്‍ജിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും പിള്ള കുറ്റപ്പെടുത്തി. അതേസമയം, കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കണമെന്നും തിരക്കിട്ട് യുവതികളെ പ്രവേശിപ്പിക്കരുതെന്നും കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകളും യോഗത്തില്‍ ആവശ്യപ്പെടുമെന്നാണ് വിവരം.ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പഴി ഒഴിവാക്കാനാണ് സര്‍വ്വകക്ഷിയോഗം. തന്ത്രി പന്തളം കുടുംബവുമായി സര്‍വ്വകക്ഷിയോഗത്തിന് ശേഷം ചര്‍ച്ച നടത്തും.
Post Your Comments