നെടുമ്പാശേരി: നാട്ടിൽ നിന്ന് വാങ്ങിയ നാടൻ കൂർക്കയുമായി വിമാനത്തവാളത്തിൽ എത്തിയ പ്രവാസിക്ക് കിട്ടിയത് എട്ടിന്റെ പണി. കൂർക്ക കഴിക്കാനുള്ള ആഗ്രഹത്താൽ കൃഷിയിടത്തിൽ നിന്നും പറിച്ച കൂർക്കയും പാക്കറ്റിലാക്കി വിമാനത്താവളത്തിൽ എത്തി. പരിശോധനയ്‌ക്കിടയിൽ കൂർക്കയിൽനിന്ന് വിഷപ്പാമ്പ് ചാടിയതോടെ പ്രവാസിയുടെ യാത്ര മടങ്ങുകയായിരുന്നു.
ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ അബുദാബിയിലേക്കു പോകാനെത്തിയ പാലക്കാട് സ്വദേശി സുനിൽ കാട്ടാക്കളത്തി(40)നാണ് ഈ അനുഭവം ഉണ്ടായത്. അവധിക്കു നാട്ടിലെത്തി മടങ്ങുന്ന സുനിൽ നാട്ടിൻപുറത്തെ കൃഷിയിടത്തിൽ നിന്നു നേരിട്ടു വാങ്ങിയതാണ് കൂർക്ക. പായ്ക്കറ്റിലാക്കിയാണ് 2 കിലോഗ്രാം കൂർക്ക സുനിലിന് കൃഷിക്കാരൻ നൽകിയത്.
സുനിൽ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റിൽ കൂടി പൊതിഞ്ഞ് ഹാൻഡ് ബാഗിൽ വച്ചാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. കൂർക്കപാക്കറ്റിൽ പാമ്പു കയറിക്കൂടിയത് യാത്രകരൻ അറിഞ്ഞിരുന്നില്ല. സിഐഎസ്എഫിന്റെ സുരക്ഷാ പരിശോധനകൾക്കിടെ ഹാൻഡ് ബാഗ് പരിശോധിച്ചപ്പോൾ ബാഗിൽ നിന്നു പാമ്പ് പുറത്തേക്കു ചാടുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർ പാമ്പിനെ തല്ലിക്കൊന്നുവെങ്കിലും ഇഴജന്തുക്കളെ വിദേശത്തേക്കു കൊണ്ടുപോകാൻ നിരോധനമുള്ളതിനാൽ സിഐഎസ്എഫ് അധികൃതർ ഇയാളുടെ യാത്ര റദ്ദാക്കി, നെടുമ്പാശേരി പോലീസിനു കൈമാറി.
Post Your Comments