വാഷിങ്ടന്‍: താന്‍ അമ്മയായത് എങ്ങനെയെന്ന പുതിയ വെളിപ്പെടുത്തലുകളുമായി മിഷേല്‍ ഒബാമ. തന്റെ രണ്ട് പെണ്‍മക്കളായ മലിയേയും സാഷയേയും കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഐവിഎഫ് (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍) വഴിയാണ് ഗര്‍ഭം ധരിച്ചത് എന്നാണ് യുഎസ് മുന്‍ പ്രഥമ വനിതയായ മിഷേല്‍ ഒബാമയുടെ വെളിപ്പെടുത്തല്‍. ഓര്‍മ്മകുറിപ്പായ ‘ബിക്കമിങ്’ എന്ന പുസ്തകം നാളെ പുറത്തിറങ്ങുന്നതിന് മുന്നോടിയായി മിഷേല്‍ നല്‍കിയ ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ഈ സംഭവങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.
ഒട്ടേറെ നൊമ്പരങ്ങളിലൂടെ കടന്നു പോയ മിഷേല്‍ തന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടത്തെക്കുറിച്ചും അമ്മയാകാന്‍ താന്‍ താണ്ടിയ ദൂരങ്ങളെ കുറിച്ചും ഉള്ള വികാരാര്‍ദ്രമായ ഓര്‍മകളാണ് അവര്‍ അഭിമുഖത്തില്‍ പ്രധാനമായും പങ്കുവച്ചത്. 20 വര്‍ഷം മുമ്പ് തനിക്ക് ഗര്‍ഭത്തില്‍ വച്ച് കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നുവെന്നും അതോടെ എല്ലാം നഷ്ടപ്പെട്ട മനോനിലയിലേക്ക് താന്‍ എത്തിയിരുന്നുവെന്നും മിഷേല്‍ പറയുന്നു. അന്ന് മിഷേലിന് 34 വയസ്സായിരുന്നു. തുടര്‍ന്നു മിഷേല്‍ കൃത്രിമ ഗര്‍ഭധാരണത്തിനു വിധേയയാകുകയായിരുന്നു.
അമേരിക്കന്‍ ജനതയെ ആഴത്തില്‍ സ്പര്‍ശിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്ന മിഷേല്‍ വ്യക്തിജീവിതത്തെ കുറിച്ചും വിവാഹജീവിതത്തെ കുറിച്ചും തന്റെ കുറിപ്പില്‍ തുറന്നെഴുതുന്നു. യുഎസ് രാഷ്ട്രീയവും വിഷയമാക്കുന്നുണ്ട്. ബറാക് ഒബാമയുടെ ജനനത്തെ ചൊല്ലി തിരഞ്ഞെടുപ്പുകാലത്തു ഡോണള്‍ഡ് ട്രംപ് ഉയര്‍ത്തിയ വിവാദങ്ങള്‍ക്കും മിഷേല്‍ പുസ്തകത്തില്‍ മറുപടി പറയുന്നുണ്ട്. ഒബാമ കെനിയയിലാണ് ജനിച്ചതെന്നും അതിനാല്‍ പ്രസിഡന്റ് പദവിക്ക് അര്‍ഹനല്ലെന്നുമായിരുന്നു ട്രംപിന്റെ പ്രചാരണം. ഇതിലൂടെ ട്രംപ് തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്കു മേലാണ് വെല്ലുവിളി ഉയര്‍ത്തിയതെന്നും അതു താന്‍ ഒരിക്കലും ക്ഷമിക്കില്ലെന്നും മിഷേല്‍ പറയുന്നു. ലണ്ടനുള്‍പ്പടെ 10 നഗരങ്ങളിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.
Post Your Comments