നഗരങ്ങളിലുള്ള അര്‍ബന്‍ നക്‌സലുകള്‍ ആദിവാസികളുടെ ജീവിതം നശിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു. ഇവർക്ക് പിന്തുണ നൽകുന്നത് കോൺഗ്രസ്സ് ആണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു ഭാഗത്ത് അര്‍ബന്‍ നക്‌സലുകളെ പിന്തുണയ്ക്കുകയും മറു ഭാഗത്ത് ഛത്തീസ്ഗഢിനെ മാവോയിസ്റ്റ് മുക്തമാക്കാന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. ഛത്തീസ്ഗഢിലെ ജഗദല്‍പൂരില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അര്‍ബന്‍ നക്‌സലുകള്‍ എ.സി മുറികളില്‍ ഇരിക്കുന്നു. അവര്‍ വലിയ കാറുകളിലാണ് യാത്ര ചെയ്യുന്നത്. അവരുടെ മക്കള്‍ വിദേശത്ത് പഠിക്കുകയും ചെയ്യും. എന്നാലും അവര്‍ നമ്മുടെ പാവപ്പെട്ട് ആദിവാസികളുടെ ജീവിതം റിമോട്ട് കണ്‍ട്രോളിലൂടെ നശിപ്പിക്കുന്നു,’ അദ്ദേഹം പറഞ്ഞു. നക്‌സലുകള്‍ ഛത്തീസ്ഗഢിലെ കുട്ടികള്‍ക്ക് തോക്കും മറ്റ് ആയുധങ്ങളുമാണ് നല്‍കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. ‘കുട്ടികള്‍ പേനകള്‍ കൈയ്യിലെടുക്കേണ്ട സമയത്ത് ചിലര്‍ അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നു,’ അദ്ദേഹം പറഞ്ഞു.
അര്‍ബന്‍ നക്‌സലുകളെ കോണ്‍ഗ്രസ് എന്തിനാണ് പിന്തുണയ്ക്കുന്നതെന്ന് മോദി ചോദിച്ചു. മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലുകളില്‍ ഇന്ത്യയുടെ നിരവധി ജവാന്മാര്‍ കൊല്ലപ്പെട്ടു. ഇത് കൂടാതെ ഡി.ഡി ചാനലിന്റെ ഒരു ക്യാമറാമാനും നക്‌സലുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് മോദി ചൂണ്ടിക്കാട്ടി. ഇതുപോലെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന മാവോയിസ്റ്റുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിപ്ലവകാരികളാണെന്നും മോദി പറഞ്ഞു.പത്ത് കൊല്ലത്തോളം കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഭരണം നടത്തിയെന്നും അപ്പോഴൊന്നും അവര്‍ ഛത്തീസ്ഗഢിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നും മോദി കുറ്റപ്പെടുത്തി.
ദളിതരുടെയും പാവപ്പെട്ടവരുടെയും മനുഷ്യത്വം ഇല്ലാതാക്കുന്ന പ്രവര്‍ത്തിയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവരെ വെറും വോട്ട് ബാങ്കുകളായാണ് കോണ്‍ഗ്രസ് കാണുന്നതെന്നും മോദി വിമര്‍ശിച്ചു.അതേസമയം ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രചരണം നടത്തിയിരുന്നു. മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഇത് കൂടാതെ സാമ്പത്തിക തട്ടിപ്പ് നടത്തിയവര്‍ രാജ്യത്ത് നിന്നും കടന്ന് കളയുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ലായെന്നും രാഹുല്‍ പറഞ്ഞു.വരുന്ന നവംബര്‍ 12നാണ് ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് നടക്കുക.
Post Your Comments