നെയ്യാറ്റിന്‍കര: ഇലക്ട്രീഷ്യനും പ്ലംമ്പറുമായ സനല്‍ രാത്രി ഒന്‍പതരയോടെ ഭക്ഷണം കഴിക്കാനാണ് കൊടങ്ങാവിളയില്‍ എത്തിയത്. കാര്‍ റോഡരില്‍ പാര്‍ക്ക് ചെയ്ത് അടുത്തുള്ള തട്ടു കടയില്‍ ഭക്ഷണം കഴിക്കാന്‍ കയറി. എന്നാല്‍ പെട്ടെന്നു തന്നെ ഒരു ആക്രോശം കേട്ട് കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം പാതിവഴിയിലിട്ട് സനല്‍ അങ്ങോട്ടേയ്ക്ക് ഓടുകയായിരുന്നു. ‘ആരെടാ ഇവിടെ കാര്‍ കൊണ്ടിട്ടത്’ എന്ന് ആക്രോശിച്ച് ഡിവൈഎസ്പി ബി ഹരികുമാര്‍ സനലിന്റെ കാറിന്റെ അടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഹരികുമാറിന്റെ കാറിനു മുന്നിലായിരുന്നു സനല്‍ തന്റെ വാഹനം പാര്‍ക്ക് ചെയ്തത്. എന്നാല്‍ കാര്‍ പിന്നിലേയ്‌ക്കെടുത്താല്‍ പോകാമല്ലോ എന്നു സനല്‍ പറഞ്ഞത് നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിന് ഇഷ്ടപ്പെട്ടില്ല.
പിന്നീട് ഇരുവരും വാക്കു തര്‍ക്കത്തില്‍ എത്തുകയായിരുന്നു. എന്നാല്‍ തന്നോട് സംസാരിക്കുന്നത് ഡിവൈഎസ്പിയാണെന്ന് സനല്‍ തിരിച്ചറിഞ്ഞിരുന്നില്ല. വാക്കു തര്‍ക്കം ഉന്തും തള്ളുമായി. എന്നാല്‍ ഹരികുമാര്‍ സനലിനെ തള്ളിവിട്ടത് മരണത്തിലേയ്ക്കായിരുന്നു. ഡിവൈഎസ്പി ഹരികുമാര്‍ സനലിനെ റോഡിലേയ്ക്ക് തള്ളിയിട്ടപ്പോള്‍ മറ്റൊരു വാഹനം ഇടിച്ചാണ് സനല്‍ മരിക്കുന്നത്. എന്നാല്‍ സനല്‍ കാറിനു മുന്നിലേക്ക് വീണ ഉടന്‍ തന്നെ ഹരികുമാര്‍ അവണാകുഴി ഭാഗത്തേക്ക് ഓടിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അതേസമയം ഡിവൈഎസ്പിയെ പിന്തുടര്‍ന്ന കുറച്ചുപേര്‍ അയാളെ ഓടിച്ചിട്ട് മര്‍ദിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ ഡിവൈഎസ്പി സന്ദര്‍ശിക്കാനെത്തിയ കൊടങ്ങാവിളയില്‍ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനു, ഹരികുമാറിന്റെ കാറില്‍ പിന്നാലെ പാഞ്ഞെത്തി അയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
പണികഴിഞ്ഞെത്തിയ സനല്‍ കുളികഴിഞ്ഞ് ഭക്ഷണം കഴിക്കാനും വീട്ടിലേക്കുള്ള ഭക്ഷണം വാങ്ങിവരാനുമാണ് തട്ടുകടയിലേക്കു പോയത്. ഏറെ സമയം കഴിഞ്ഞിട്ടും സനലിനെ കാണാതെ വിഷമിച്ച വിജിയോട് അയല്‍ക്കാര്‍ ആദ്യം പറഞ്ഞത് ഒരപകടം പറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോയി എന്ന വിവരം മാത്രമാണ്. എന്നാല്‍ സനലിന്റെ മരണ വാര്‍ത്തയറിഞ്ഞതോടെ വിജിയും രണ്ട് കുഞ്ഞു മക്കളും ഇനി ജീവിതം എങ്ങനെ തള്ളി നീക്കുമെന്നറിയാത്ത അവസ്ഥയിലാണ്.
Post Your Comments