പമ്പ: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കും. സ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സന്നിധാനത്ത് സ്ത്രീകളെ ഉപയോഗിച്ച് ബിജെപിയും പോഷകസംഘടനകളും പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ടിവന്നാല്‍ സന്നിധാനത്ത് വനിതാ പൊലീസുകാരെ നിയോഗിക്കുമെന്നും പൊലീസ് അറിയിച്ചു. സന്നിധാനത്ത് 50 വയസ്സ് കഴിഞ്ഞ 30 വനിതാ പൊലീസുകാരെ നിയോഗിക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
എസ്‌ഐ, സിഎ റാങ്കിലുള്ള വനിതാ പൊലീസുകാരെയാണ് നിയോഗിക്കുക. നിരോധനാജ്ഞ നിലവില്‍ വന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും ഇപ്പോള്‍തന്നെ പൊലീസ് നിയന്ത്രണത്തിലാണ്. ക്ഷേത്ര പരിസരത്ത് കമാന്‍ഡോകള്‍ നിലയുറപ്പിച്ചു. ഇന്നലെ ഉച്ചമുതല്‍ തൃശൂരില്‍ നിന്നുള്ള ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ 75 കമാന്‍ഡോകള്‍ സുരക്ഷാ ചുമതല ഏറ്റെടുത്തു. ഇവര്‍ക്ക് ഐ.ജി എം.ആര്‍. അജിത്കുമാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആറ് എക്സിക്യൂട്ടിവ് മജിസ്ട്രേട്ട്മാര്‍ക്ക് ചുമതല നല്‍കി.
പമ്പയിലും സന്നിധാനത്തും എല്ലാ കെട്ടിടങ്ങളിലും പൊലീസ് ഇന്നലെ പലതവണ പരിശോധന നടത്തി. അയ്യപ്പസ്വാമിയുടെയും മാളികപ്പുറത്തെയും മേല്‍ശാന്തിമാരുടെയും തന്ത്രിയുടെയും മുറികളിലൊഴികെ എല്ലായിടത്തും അരിച്ചുപെറുക്കി. പ്രതിഷേധക്കാര്‍ ഉണ്ടോ എന്നറിയാന്‍ കടമുറികളിലും അന്നദാന മണ്ഡപങ്ങളിലും തിരച്ചില്‍ നടത്തി. ഇവിടെയുളളവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചു. അയ്യപ്പസേവാ സംഘം, അയ്യപ്പ സേവാ സമാജം പ്രവര്‍ത്തകരെ ചോദ്യം ചെയ്തു.
രാത്രി എട്ടരയോടെ മാധ്യമപ്രവര്‍ത്തകരെ പമ്പയിലേക്ക് പ്രവേശിപ്പിച്ചു. പമ്പാ ത്രിവേണി പാലത്തില്‍ തടഞ്ഞ മാധ്യമ വാഹനങ്ങള്‍ രാവിലെ ആറ് മണിക്ക് ശേഷം കടത്തിവിടുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പിന്നീട് മാത്രമേ മാധ്യമങ്ങളെ സന്നിധാനത്തേക്ക് കടത്തിവിടൂ. നേരത്തെ മാധ്യമങ്ങളെ പമ്പയിലേക്ക് കടത്തി വിടുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഡിജിപിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായ നടപടിമാത്രമാണ് നടക്കുന്നതെന്നും വിശദീകരിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ മാധ്യമങ്ങളെ സന്നിധാനത്തേക്ക് ഇന്ന് കടത്തിവിടില്ലെന്ന് ഐജി അശോക് പറഞ്ഞു.
Post Your Comments