പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്. ശ്രീധരന്‍പിള്ള. അടിയന്തിരാവസ്ഥയ്ക്കു ശേഷം സംഭവിച്ച ഏറ്റവും വലിയ അധഃപതനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും
എകെജി സെന്ററില്‍ പോയി കെഎസ്ആര്‍ടിസി ബസ് ചോദിച്ചു വാങ്ങി ശബരിമലയിലേയ്ക്കു പോകേണ്ട ഗതികേടിലാണ് തീര്‍ത്ഥാടകരെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കും. സ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സന്നിധാനത്ത് സ്ത്രീകളെ ഉപയോഗിച്ച് ബിജെപിയും പോഷകസംഘടനകളും പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 15 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തെത്തി. 50 വയസിന് മുകളിലുള്ള ഉദ്യോഗസ്ഥരാണ് ഇവര്‍. സ്ത്രീകള്‍ കൂടുതല്‍ ശസബരിമലയിലേക്ക് എത്തിയാല്‍ നിയന്ത്രിക്കാനാണ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തെത്തിച്ചതെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി.
നിരോധനാജ്ഞ നിലവില്‍ വന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും ഇപ്പോള്‍തന്നെ പൊലീസ് നിയന്ത്രണത്തിലാണ്. ക്ഷേത്ര പരിസരത്ത് കമാന്‍ഡോകള്‍ നിലയുറപ്പിച്ചു. ഇന്നലെ ഉച്ചമുതല്‍ തൃശൂരില്‍ നിന്നുള്ള ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ 75 കമാന്‍ഡോകള്‍ സുരക്ഷാ ചുമതല ഏറ്റെടുത്തു. ഇവര്‍ക്ക് ഐ.ജി എം.ആര്‍. അജിത്കുമാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആറ് എക്‌സിക്യൂട്ടിവ് മജിസ്‌ട്രേട്ട്മാര്‍ക്ക് ചുമതല നല്‍കി.
പമ്പയിലും സന്നിധാനത്തും എല്ലാ കെട്ടിടങ്ങളിലും പൊലീസ് ഇന്നലെ പലതവണ പരിശോധന നടത്തി. അയ്യപ്പസ്വാമിയുടെയും മാളികപ്പുറത്തെയും മേല്‍ശാന്തിമാരുടെയും തന്ത്രിയുടെയും മുറികളിലൊഴികെ എല്ലായിടത്തും അരിച്ചുപെറുക്കി. പ്രതിഷേധക്കാര്‍ ഉണ്ടോ എന്നറിയാന്‍ കടമുറികളിലും അന്നദാന മണ്ഡപങ്ങളിലും തിരച്ചില്‍ നടത്തി. ഇവിടെയുളളവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചു. അയ്യപ്പസേവാ സംഘം, അയ്യപ്പ സേവാ സമാജം പ്രവര്‍ത്തകരെ ചോദ്യം ചെയ്തു.
Post Your Comments