ആലുവ: യുട്യൂബ് ചാനല്‍ അവതാരകയെയും ക്യാമറാമാനെയും ഓട്ടോ തൊഴിലാളികളുടെ ഒരു സംഘം മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി പരാതിക്കാരി. സ്ഫടികം സിനിമ റീ റീലിസ് ചെയ്ത സാഹചര്യത്തിൽ ഇനി ഏതൊക്കെ സിനിമയാണ് സമാനമായ രീതിയിൽ റീ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്ന് വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായിട്ടാണ് താനും ക്യാമറാമാനും സംഭവസ്ഥലത്തെത്തിയതെന്ന് പരാതിക്കാരിയായ യുവതി പറയുന്നു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നാണ് യുവതിയുടെ പരാതി.
‘ഒരു സംഘം ആളുകൾ പെട്ടന്ന് വന്ന് പ്രശ്നമുണ്ടാക്കി. അസഭ്യ വാക്കുകൾ പറഞ്ഞ് തുടങ്ങി. ആദ്യം ഞങ്ങൾക്ക് കാര്യം മനസ്സിലായില്ല. എന്ത് വൃത്തികെട്ട ചോദ്യങ്ങളാണ് നിങ്ങൾ ചോദിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടായിരുന്നു അവരുടെ ആക്രമണം. ശബരിമല സ്ത്രീ പ്രവേശനം, ആർത്തവ സമയത്ത് സ്ത്രീകൾ അമ്പലത്തിൽ പോകുന്നത് തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല. ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് തെറ്റാണ്. പെൺകുട്ടികളോട് ഇങ്ങനെയൊന്നും ചോദിക്കരുത് എന്നാണ് അവർ പറഞ്ഞത്. എന്നാൽ, ഞങ്ങൾ പോയത് സ്ഫടികം സിനിമയുമായി ബന്ധപ്പെട്ട പബ്ലിക് ഒപ്പീനിയൻ തേടിയായിരുന്നു. ഇതിനിടെ അവരിൽ ഒരാൾ എന്നെ തെറി വിളിച്ചു. എന്റെ കൈയ്യിൽ കയറിപ്പിടിച്ചു’, മീഡിയാ വണ്ണിനോട് യുവതി വ്യക്തമാക്കി.
സദാചാരവാദികളായ ഒരുകൂട്ടം ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് തങ്ങളെ അധിക്ഷേപിച്ചതെന്നും കേട്ടാലറയ്ക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിച്ച് തങ്ങളെ അപമാനിച്ചുവെന്നും യൂട്യൂബര്‍ പറഞ്ഞു. എന്നാൽ, പെണ്‍കുട്ടികളോട് ദ്വയാര്‍ത്ഥമുള്ള ചോദ്യങ്ങള്‍ ചോദിച്ചതോടെ നാട്ടുകാര്‍ യൂട്യൂബര്‍ക്ക് നേരെ തിരിയുകയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.
Post Your Comments