KeralaLatest NewsIndia

സംസ്‌കാരിക സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ ഓണറേറിയം ഇരട്ടിയായി വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍

പല അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും ഓണറേറിയം 25,000 രൂപ മുതല്‍ അര ലക്ഷം വരെയാക്കിയാണ് ഉയര്‍ത്തിയിട്ടുള്ളത്.

പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ബുദ്ധിമുട്ടുന്ന കേരളത്തില്‍ ഒന്‍പത് സംസ്‌കാരിക സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും ഓണറേറിയം ഇരട്ടിയിലധികമായി വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍. ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമലിന്റെ ഓണറേറിയമാണ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ചത്. 50,000 രൂപയാണ് പ്രതിമാസം കമലിന് ഓണറേറിയമായി ലഭിക്കുക.പല അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും ഓണറേറിയം 25,000 രൂപ മുതല്‍ അര ലക്ഷം വരെയാക്കിയാണ് ഉയര്‍ത്തിയിട്ടുള്ളത്.

മുമ്പ് കമലിന്റെ ഓണറേറിയത്തുക 20,000 രൂപയായിരുന്നു. പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ സര്‍ക്കാര്‍ ഒരു ഭാഗത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ മറുഭാഗത്ത് ഇതുപോലുള്ള അധികച്ചിലവുകള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള ഫോക്ലോര്‍ അക്കാദമി, കേരള സംഗീത നാടക അക്കാദമി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി, കുമാരനാശാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വാസ്തുവിദ്യാ ഗുരുകുലം എന്നിവയുടെ അധ്യക്ഷന്മാരുടെ ഓണറേറിയം 10,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കിയിട്ടുണ്ട്.

ചരിത്രത്തിലാദ്യമായാണ് വൈസ് ചെയര്‍മാന്‍മാര്‍ക്ക് പ്രതിമാസം 10,000 രൂപ വീതം ഓണറേറിയമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. യാത്ര, സിറ്റിങ് ഫീസ് എന്നീ ഇനങ്ങളിലും സ്ഥാപനമേധാവികള്‍ പണം കൈപ്പറ്റുന്നുണ്ട്. പ്രളയക്കെടുതി മൂലം ചലച്ചിത്രമേള ഉപേക്ഷിക്കാനായിരുന്നു ആദ്യം സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ എതിര്‍പ്പ് രൂക്ഷമായതോടെ സര്‍ക്കാര്‍ സഹായം ഇല്ലാതെ ചലച്ചിത്രമേള നടത്താന്‍ തീരുമാനിച്ചു.

ധനസമാഹരണം നടത്താന്‍ ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം സാലറി ചാലഞ്ചില്‍ ജീവനക്കാരില്‍ നിന്നും വിസമ്മത പത്രം വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം വിലക്കിയ ഹൈക്കോടതി നടപടി കഴിഞ്ഞ ദിവസം സുപ്രീംകോടതിയും ശരിവച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button