Latest NewsKeralaNews

പ്രതിഷേധം ഫലം കണ്ടു; മറിയക്കുട്ടിക്ക് ഒരു മാസത്തെ പെന്‍ഷന്‍ ലഭിച്ചു, സർക്കാരിന് മറിയക്കുട്ടി നൽകിയ അവസാന മുന്നറിയിപ്പ്

ക്ഷേമ പെൻഷൻ ലഭിക്കാത്തതിനാൽ ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് പെന്‍ഷന്‍ ലഭിച്ചു. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി തുക നല്‍കി. ഒരു മാസത്തെ പെന്‍ഷന്‍ തുകയാണ് കൈമാറിയത്. നാല് മാസത്തെ പെൻഷൻ ആണ് മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത്. ഇത് മുഴുവൻ വേഗത്തിൽ നൽകിയില്ലെങ്കിൽ വീണ്ടും തെരുവിൽ ഇറങ്ങുമെന്ന് മറിയക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമരവുമായി വീണ്ടും തെരുവിൽ ഇറങ്ങാനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കരുതെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു.

മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിലേക്ക് ഇറങ്ങിയത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷ യാചിച്ചത്. മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. അഞ്ച് മാസത്തെ പെൻഷനായിരുന്നു മറിയക്കുട്ടിക്ക് നൽകാൻ ഉണ്ടായിരുന്നത്. ഇതിനിടെ, സിപിഎം പ്രവർത്തകർ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി മറിയക്കുട്ടി രംഗത്തെത്തിയിരുന്നു.

ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരേ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടി നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ആക്രമണമായിരുന്നു. മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന് സി.പി.എം സൈബർ ടീം വ്യാജ പ്രചാരണം നടത്തി. ആ പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഭൂമി എവിടെയെന്ന് കാണിച്ചുതരാൻ സിപിഎം തയ്യാറാകണം എന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സിപിഎം കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടിരുന്നു.

ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയതോടെ സിപിഎം ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി പറഞ്ഞിരുന്നു. വ്യാജ ആരോപണത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് മറിയക്കുട്ടിയിപ്പോള്‍. വ്യാജ പ്രചാരണങ്ങൾക്കെതിരേ തലയുയർത്തി പോരാടി. പാർട്ടിപ്പത്രത്തിന് ഒടുവിൽ മാപ്പുപറയേണ്ടി വന്നു. എന്നാൽ, ആ മാപ്പ് സ്വീകരിക്കാൻ മറിയക്കുട്ടി തയ്യാറല്ല. നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് മറിയക്കുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button