ന്യൂഡല്‍ഹി: ഇന്തോനേഷ്യയില്‍ കടലിലേക്ക് തകര്‍ന്നു വീണ ലയണ്‍ എയര്‍ വിമാനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നതായും ടേക്ക് ഓഫ് ചെയ്ത് മൂന്ന് മിനിട്ടിനുള്ളില്‍ തിരിച്ചിറക്കാനുള്ള അനുമതി പൈലറ്റ് ചോദിച്ചിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. പൈലറ്റ് അനുവാദം ചോദിച്ചിരുന്ന വിവരം എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ വിഭാഗമാണ് വെളിപ്പെടുത്തിയത്.
ഇതോടെ ബ്ലാക്ക് ബോക്സിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. എന്നാല്‍ അനുവാദം നല്‍കി നിമിഷങ്ങള്‍ക്കകം വിമാനം കടലിലേക്ക് പതിച്ചു. ഡല്‍ഹി സ്വദേശി ക്യാപ്റ്റന്‍ ഭവ്യോ സുനേജയാണ് വിമാനം പറത്തിയിരുന്നത്. ബ്ലാക്സ് ബോക്സ് ലഭിച്ചാല്‍ മാത്രമേ കോക്ക് പിറ്റിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ സാധിക്കൂ. ഇത് കണ്ടെത്താനുള്ള തിരച്ചില്‍ അധികൃതര്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സാങ്കേതിക തകരാര്‍ ഉണ്ടെന്ന് ലയണ്‍ എയര്‍ അധികൃതര്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
മാത്രമല്ല വിമാനത്തിലുണ്ടായിരുന്നവര്‍ക്കായി കടലില്‍ ഇപ്പോഴും ശക്തമായ തിരച്ചില്‍ തുടരുകയാണ്. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചും മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയും കടലിനടിയില്‍ 35 മീറ്റര്‍ താഴ്ചയിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. പ്രതികൂലകാലവസ്ഥയെ അതിജീവിച്ച് ഇന്നലെ പൈലറ്റിന്റേതടക്കം പത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. 181 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഭേല്‍ എയര്‍ ഇന്റര്‍നാഷനലില്‍ നിന്നു വൈമാനിക പരിശീലനം പൂര്‍ത്തിയാക്കിയ സുനേജ എമിേററ്റ്‌സില്‍ ട്രെയിനിയായി ജോലി ചെയ്തിരുന്നു. ബോയിങ് 737 യാത്രാ വിമാനങ്ങള്‍ പറത്തുന്നതില്‍ പ്രത്യേക പരിശീലനം നേടിയിരുന്നു. പ്രാദേശിക സമയം ഇന്നു രാവിലെ 6.31 ഓടെയാണ് ലയണ്‍ എയറിന്റെ ബോയിങ് 737 മാക്‌സ് 8 വിമാനം ജാവ കടലില്‍ തകര്‍ന്നു വീണത്. 188 യാത്രക്കാരുമായി പറന്നുയര്‍ന്ന് 13 മിനിറ്റുകള്‍ക്കകം അപകടമുണ്ടാകുകയായിരുന്നു.
Post Your Comments