രോഗബാധിതനായി ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് മേല്‍ ബിജെപി കേന്ദ്രനേതൃത്വം സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് ഗോവ ആര്‍എസ്എസ് മുന്‍ നേതാവ് സുഭാഷ് വെലിംഗര്‍. ഓഫീസിലെത്തി ഭരണകാര്യങ്ങളില്‍ നേരിട്ടിടപെടണമെന്ന ആവശ്യമാണ് കേന്ദ്രനേതൃത്വം മുന്നോട്ട് വയ്ക്കുന്നതെന്നും മുന്‍ ആര്‍എസ്എസ് നേതാവ് പറയുന്നു.
പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാന്‍ വിശ്രമം ആവശ്യമാണെന്നിരിക്കെയാണ് അനാവശ്യമായി അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കുന്നതെന്നും സുഭാഷ് വെലിംഗര്‍ കുറ്റപ്പെടുത്തി. ഗോവയില്‍ ബിജപിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രം ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഓഫീസില്‍ പോകാന്‍ തുടങ്ങുന്നത് പരീക്കറിന്റെ ആരോഗ്യനില വഷളാക്കുകയേ ഉള്ളു. പരീക്കറിന് പകരം ഇപ്പോള്‍ യോഗ്യതയുള്ള മറ്റൊരാളെ മുഖ്യമന്ത്രിയാക്കണമെന്നും ഇപ്പോഴത്തെ സ്ഥിതിയില്‍ സര്‍ക്കാരിന് അതിജീവിക്കാനാകില്ലെന്നും വെലിംഗര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രോഗബാധിതനായി ചികിത്സയിലായത് ഭരണകക്ഷിയായ ബിജെപിയുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹി എംയിമ്സില്‍ ചികിത്സ തേടിയ പരീക്കര്‍ മന്ത്രിമാരെ ആശുപത്രിയില്‍ വിളിപ്പിച്ചാണ് ഭരണകാര്യങ്ങളില്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഈ മാസം 14 നാണ് അദ്ദേഹം ആശുപത്രി വിട്ടത്. അതേസമയം സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സജ്ജമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ സമീപിച്ചിരുന്നു.
Post Your Comments