Latest NewsKerala

പതിനൊന്നു വയസുകാരനെ മർദിച്ച സംഭവം; അമ്മയും സുഹൃത്തായ ഡോക്ടറും ഒളിവിൽ

തൃക്കാക്കര: പതിനൊന്നു വയസുകാരനെ മർദിച്ച കേസില്‍ പ്രതികളായ കുട്ടിയുടെ മാതാവ് ആശാമോള്‍ കുര്യക്കോസ്, സുഹൃത്തായ ഡോ.ആദര്‍ശ് എന്നിവര്‍ ഒളിവില്‍ പോയി. ഇന്നലെ കുട്ടിയുടെ മൊഴി എടുത്തശേഷം വീട്ടിലും ഡോ.ആദര്‍ശ് ജോലി ചെയ്യുന്ന എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രിയിലും പൊലീസ് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ പതിനൊന്നോടെ പീഡനവിവരം പുറത്തായതോടെ ഇരുവരും വീട് പൂട്ടി ഒളിവില്‍ പോയതായാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആശാമോള്‍ കുര്യക്കോസും ഡോ.ആദര്‍ശും ആറുമാസമായി ഒരുമിച്ചായിരുന്നു താമസം. പ്രതികള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചതായി തൃക്കാക്കര പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് പീഡനം സഹിക്കാനാകാതെ വിദ്യാര്‍ത്ഥി വീടിന് നൂറുമീറ്റര്‍ അകലെയുള്ള വീട്ടില്‍ അഭയം തേടിയത്. അസമയത്ത് വെള്ളം ചോദിച്ചെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ വിവരം തിരക്കിയപ്പോഴാണ് കുട്ടി നേരിടേണ്ടിവന്ന കൊടിയ പീഡന കഥ പുറത്തായത്. ഉടന്‍ പ്രദേശവാസികളുടെ സഹായത്തോടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് രാത്രിയായതിനാല്‍ കുട്ടിയെ വീട്ടുകാരോട് സംരക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ ചൈല്‍ഡ് ലൈന്‍ അംഗം വിജയ് യുടെ നേതൃത്വത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തൃക്കാക്കര പൊലീസിന് കൈമാറി. സംഭവത്തില്‍ ആശാമോള്‍ കുര്യക്കോസ്, ഡോ.ആദര്‍ശ് എന്നിവര്‍ക്കെതിരെ കേസെടുത്തതായി തൃക്കാക്കര എസ്.ഐ എ.എന്‍.ഷാജു പറഞ്ഞു.

സംഭവ ദിവസം രാത്രി ഡോ.ആദര്‍ശ് കുട്ടിയെ തല്ലുകയും കരഞ്ഞ കുട്ടിയുടെ മുഖം മാതാവ് മാന്തി വേദനിപ്പിക്കുകയും ചെയ്തിരുന്നു. മുറിയില്‍ പൂട്ടിയിട്ടിരിക്കെ മറ്റൊരു താക്കോല്‍ ഉപയോഗിച്ച്‌ വാതില്‍ തുറന്നാണ് രക്ഷപ്പെട്ടതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. വീട്ടില്‍ നിന്നും ഇറങ്ങുന്നത് കണ്ട ഇരുവരും തന്റെ പിന്നാലെ വന്നതായും കുട്ടി പറഞ്ഞു.നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയെ സ്‌കൂളില്‍ വിടാന്‍ പോലും ഇവര്‍ തയ്യാറായിരുന്നില്ല. കുട്ടിയെ തൃപ്പുണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button