കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നു കുവൈത്തിലേക്കുള്ള തൊഴില്‍ റിക്രൂട്ട്മെന്റിന് ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതരുമായി അടുത്താഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. ഇന്ത്യയ്ക്കുപുറമേ ഈജിപ്തിലും ഇ-സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. വ്യാജ കമ്പനികളെ കണ്ടെത്തുന്നതിനും വീസക്കച്ചവടക്കാരുടെ ഇടപെടല്‍ ഒഴിവാക്കുന്നതിനും ഉദ്യോഗാര്‍ഥിയുടെ വിദ്യാഭ്യാസ യോഗ്യത വ്യക്തമായി മനസ്സിലാക്കുന്നതിനും ഈ സംവിധാനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇ-സംവിധാനം ഒരുക്കുന്നതിലൂടെ ഉദ്യോഗാര്‍ഥികള്‍ക്കു യോഗ്യതയ്ക്കനുസരിച്ച ജോലി ലഭ്യമാകും. കൂടാതെ കുവൈത്തിലെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന വിദേശികളുടെയും തൊഴിലില്ലാത്ത സ്വദേശികളുടെയും കൃത്യമായ കണക്ക് പ്രസിദ്ധീകരിക്കണമെന്ന് അസ്കര്‍ അല്‍ അനേസി എംപി ആവശ്യപ്പെട്ടു. രണ്ടു മേഖലകളിലും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്ന പദ്ധതിയുടെ കൃത്യമായ നടത്തിപ്പിന് അത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയയ്ക്കുന്ന ലാവോസ്, കംബോഡിയ, നേപ്പാള്‍, വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നിവിടങ്ങളും മന്ത്രി ഹിന്ദ് അല്‍ സബീഹ് സന്ദര്‍ശിക്കും.
Post Your Comments