പനമരം: കൊക്കോയും കര്‍ഷകനെ കൈയൊഴിയുന്നുവെന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനത്തില്‍ പിടിച്ചു നിന്ന കര്‍ഷകര്‍ക്ക് അല്പം ആശ്വാസമായിരുന്ന കൊക്കോ കൃഷിയാണ് ഇപ്പോള്‍ കനത്ത മഴയിലും തുടര്‍ന്നുണ്ടായ വെയിലിലും ഉണങ്ങിക്കരിഞ്ഞ് വിളവും വിലയുമില്ലാതെ കര്‍ഷകരെ കൈവിട്ടത്. ചെടിയടക്കം പിഴുതു മാറ്റേണ്ട അവസ്ഥയിലായിരിക്കുകയാണ്. രോഗബാധയില്‍ നിന്ന് രക്ഷപ്പെട്ട കൊക്കോ കൃഷി വന്യമൃഗങ്ങളും നശിപ്പിക്കുന്നത് കൃഷിയെ പാടെ ഉപേക്ഷിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുകയാണ്. അതേസമയം കൊക്കോയ്ക്ക് രോഗബാധയേറി നശിക്കുന്നതിനിടയിലും കൃഷിഭവന് വഴി സൗജന്യമായി കൊക്കോ തൈ നല്‍കുന്നതിനുള്ള അപേക്ഷ കര്‍ഷരോട് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വിളവെടുപ്പ് കാലത്ത് കിലോയ്ക്ക് 260 രൂപ ലഭിച്ചിരുന്ന കൊക്കോക്കുരുവിന് 150 രൂപയായി താഴ്ന്നിരിക്കുകയാണ്. വര്‍ഷത്തില്‍ 4 തവണ വരെ വിളവ് ലഭിച്ചിരുന്ന കൊക്കോയാണ് പലരുടെയും ഒന്നു പോലും ബാക്കിയില്ലാതെ നശിച്ചത്.
മഴക്കൂടുതല്‍ മൂലം കൃഷിയിടങ്ങളില്‍ വെളളം കെട്ടി നിന്ന് കൊക്കോയുടെ വേരുകള്‍ ചീഞ്ഞഴുകിയതും മറ്റ് രോഗങ്ങളും മൂലമാണ് വ്യാപകമായി ജില്ലയില്‍ കൊക്കോ കൃഷി നശിക്കാന്‍ കാരണമായത്. വിരിയുന്ന കായ്കളും വിളവെടുപ്പിന് പാകമായ കായ്കളും ചെടിയടക്കം കരിഞ്ഞ് നശിക്കുകയാണ്. ഈ രോഗം ഒരു ചെടിയില്‍ നിന്ന് മറ്റൊരു ചെടിയിലേക്ക് പടരുന്നുണ്ട്. കൃഷി നാശം ഏറി കൊക്കോ വിപണിയില്‍ എത്തുന്നത് കുറവായിട്ടും കഴിഞ്ഞ വര്‍ഷത്തേതിന്റെ പകുതി വില പോലും ലഭിക്കുന്നില്ല.
Post Your Comments