Latest NewsEditorial

ഇന്ധനനികുതി തോമസ് ഐസക്കിന് പൊന്‍മുട്ടയിടുന്ന താറാവ്

കോടിക്കണക്കിന് വരുന്ന സാധാരണക്കാര്‍ക്ക് അധികഭാരം നല്‍കി ഇന്ധനവില കുതിക്കുമ്പോള്‍ നോക്കി നില്‍ക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെട്ടു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ഒന്നര രൂപ വീതം കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായത് അതുകൊണ്ടാണ്. അതുപോലെ തന്നെ എണ്ണക്കമ്പനികളോടും ലിറ്ററിന് ഒരു രൂപ കുറയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ മിക്ക സംസ്ഥാനങ്ങളും നികുതിയില്‍ രണ്ടര രൂപയുടെ കുറവ് വരുത്താന്‍ സ്വമേധയാ തയ്യാറായി. പക്ഷേ കേരളം ആ സംസ്ഥാനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനം എടുക്കുന്നതില്‍ വിമുഖത കാണിക്കുകയാണ് ചെയ്തത്. ഇന്ധനവില വര്‍ധനയില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സകല ഉത്തരവാജിത്തവും മോദി സര്‍ക്കാരില്‍ അടിച്ചേല്‍പ്പിച്ച് ഹര്‍ത്താലിനും ബന്ദിനും പിന്തുണ നല്‍കുമ്പോള്‍ ഇടത് സര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്തം സൗകര്യപൂര്‍വ്വം മറന്നു.

നികുതി കുറച്ചാല്‍ കോടികളുടെ നഷ്ടം

നികുതിയിനത്തില്‍ ലഭിക്കുന്ന കോടികള്‍ നഷ്ടമാക്കാന്‍ പറ്റില്ല, അതേസമയം ജനങ്ങളുടെ മുന്നില്‍ ഇന്ധനവില ഉയരുന്നതിന്റെ അപകടം എണ്ണിപ്പറഞ്ഞ് കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുക. അതാണ് ഇടത് സര്‍ക്കാരിന്റെ നയം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില വര്‍ധിക്കുന്നതും ഉത്പാദനം കുറയുന്നതും ഇന്ധനവിലയെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന ഘടകങ്ങളാണ്. വിലനിര്‍ണ്ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതില്‍ പിന്നെ കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടുന്നതിന് പരിധി നിശ്ചയിക്കപ്പെടുകയും ചെയ്തു. പക്ഷേ ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയ്ക്കുണ്ടാകുന്ന വിലവ്യത്യാസം മാത്രം കണക്കിലെടുത്തല്ല ഇന്ത്യയില്‍ ഇന്ധനവിലയില്‍ കുറവും കൂടുതലുമുണ്ടാകുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയാണ് പ്രധാനഘടകം. നികുതി കുറയ്്ക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുമ്പോള്‍ വിലയില്‍ കാര്യമായ മാറ്റമുണ്ടാകും. പക്ഷേ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറച്ചാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടികളുടെ നഷ്ടമുണ്ടാകുമെന്നതിനാല്‍ അപൂര്‍വ്വമായേ അത്തരത്തിലുള്ള തീരുമാനം ഉണ്ടാകുകയുള്ളൂ. ഇന്ധനവില വര്‍ദ്ധനയില്‍ ഇടപെട്ടേ തീരൂ എന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായി. എല്ലാം ശരിയാക്കാമെന്ന് ഉറപ്പു നല്‍കിയെത്തിയ പിണറായി സര്‍ക്കാരാകട്ടെ തികച്ചും ജനവിരുദ്ധമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.

അഞ്ച് മാസത്തിനുള്ളില്‍ 3070 കോടി രൂപ

 

ഇന്ധനവില കുതിച്ചുയരുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിരള്‍ ചൂണ്ടിയ പിണറായി സര്‍ക്കാര്‍ അഞ്ച് മാസത്തിനുള്ളില്‍ 3070 കോടി രൂപ ആ വകയ്ക്ക് കൈക്കലാക്കി എന്ന സത്യം പക്ഷേ മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ മെയ് 31 വരെയുള്ള കാലയളവിലാണ് 3070.28 കോടി രൂപ ഇടത് സര്‍ക്കാര്‍ നികുതിയിനത്തില്‍ ശേഖരിച്ചത്. സര്‍ക്കാരിന് ലഭിച്ച അധികവരുമാനമാണിത്. പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76ശതമാനവുമാണ് സര്‍ക്കാര്‍ ഈടാക്കുന്ന നികുതി. ഇത്രയും കൊള്ളലാഭമുണ്ടാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം നികുതിയില്‍ കുറവ് വരുത്തരുതെന്നാണ് ആഗ്രഹിക്കുന്നത്. നികുതി കുറച്ചാല്‍ മാത്രമേ ഇന്ധനവിലയില്‍ സര്‍ക്കാരിന് കുറവ് വരുത്താന്‍ കഴിയൂ എന്നിരിക്കെ രഹസ്യമായി നികുതി കുറയ്ക്കുന്നതിനെതിരെയും പരസ്യമായി നികുതി കുറയ്ക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് പിണറായി സര്‍ക്കാര്‍ കാണിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് കേന്ദ്രസര്‍ക്കാര്‍ നികുതിയില്‍ ചെറിയ കുറവ് വരുത്തിയപ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ആശ്വാസത്തേക്കാള്‍ സംസ്ഥാന ധനകാര്യവകുപ്പ് കണക്കുകൂട്ടിയത് കേരളത്തിന്റെ നികുതിയിനത്തിലുള്ള വരുമാന നഷ്ടം എത്രയാണെന്നാണ്. പ്രതിവര്‍ഷം 488 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ധനകാര് ഓഫീസ് കണക്കുകൂട്ടി റിപ്പോര്‍ട്ട് തയ്യാറാക്കി.

ജനക്ഷേമത്തില്‍ എന്നും പിന്നോട്ട്

ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരാണ് ജനപക്ഷത്തെന്ന് അവകാശപ്പെടുന്നത്. കേന്ദ്രസര്‍ക്കാരിനോടുള്ള വിയോജിപ്പിന്റെ പേരില്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതികളില്‍ നിന്നും പ്രഖ്യാപനങ്ങളില്‍ നിന്നും പിണറായി സര്‍ക്കാര്‍ അകലം പാലിക്കുന്നത് ഇത് ആദ്യമായല്ല. പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കില്ലെന്ന് പ്രഖ്യാപിച്ച ധന മന്ത്രി തോമസ് ഐസക് കേന്ദ്രം കൂട്ടിയ നികുതി പൂര്‍ണമായും പിന്‍വലിച്ചിട്ട് ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്നും വ്യക്തമാക്കി. അതേസമയം പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടര രൂപ വീതമാണ് കേന്ദ്രം കുറച്ചത്. എക്‌സൈസ് തീരുവയില്‍ ഒന്നരരൂപയും എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറച്ചാണ് വില കുറയ്ക്കുക. സംസ്ഥാനങ്ങള്‍ നികുതിയില്‍ രണ്ടരരൂപകൂടി കുറച്ചാല്‍ ലീറ്ററിന് അഞ്ച് രൂപവീതം കുറയ്ക്കാനാകുമെന്നാണ് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടിയത്. എക്‌സൈസ് തീരുവയിനത്തില്‍ 21,000 കോടിയുടെ നഷ്ടം സഹിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറയ്ക്കാന്‍ തീരുമാനിച്ചത്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, ഹരിയാന, അസം, മധ്യപ്രദേശ്, രാജസ്ഥാന്‍, ത്രിപുര തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ അരുണ്‍ ജയ്റ്റ്‌ലിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിലയില്‍ ലിറ്ററിന് രണ്ടര രൂപയുടെ കുറവ് വരുത്താന്‍ തയ്യാറായി. പക്ഷേ മോദി വിരുദ്ധ നിലപാട് തുടരുന്ന കേരളം പശ്ചിമബംഗാള്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ജനങ്ങളെ പരിഗണിക്കാതെ നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ്. എന്തായാലും ഇന്ധന വില വര്‍ദ്ധനയുടെ തിക്തഫലം കേരളം അനുഭവിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചു. മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്നും 10 രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഇതിന് പുറമേ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം അഞ്ച് രൂപയാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നികുതിയിളവ് നടപ്പാക്കണമെന്നും കോഓഡിനേഷന്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു. അതേസമയം മോദി വിരോധത്തിന്റെ പേരില്‍ സംസ്ഥാനത്ത് നികുതി കുറയ്ക്കില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം ഇപ്പോഴത്തെ നിലയ്ക്ക് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായാണ് വിലയിരുത്തപ്പൈടുന്നത്. മാത്രമല്ല നികുതിഇനത്തില്‍ ലഭിക്കുന്ന കോടികള്‍ സര്‍ക്കാര്‍ എന്താവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button