തൃശ്ശൂര്‍: ഒരു വര്‍ഷം മുമ്പ് കാണാതായ മകനെ വീഡിയോ കോളില്‍ കണ്ടു, ഡല്‍ഹിയില്‍ നിന്നും കോടീശ്വരന്‍ പറന്നെത്തി. തൃശൂരിലെ ചില്‍ഡ്രന്‍സ് ഹോമാണ് വികാരനിര്‍ഭരമായ മൂഹൂര്‍ത്തങ്ങള്‍ക്ക് വേദിയായത്. ബിലാലിന്റെ കുടുംബത്തെ കണ്ടെത്താനായത് ചില്‍ഡ്രന്‍സ് ഹോമിലെ പ്രവര്‍ത്തകരുടെ ആത്മാര്‍ഥമായ അന്വേഷണത്തിലൂടെയാണ്. കോടീശ്വര പുത്രനായ ബിലാല്‍ ഒരു വര്‍ഷമായി ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായിരുന്നു.
ഒരു വര്‍ഷം മുമ്പാണ് കൗമാരക്കാരന്‍ കൊച്ചിയില്‍ ട്രെയിനില്‍ വന്നിറങ്ങിയത്. പ്രായത്തിന് അനുസരിച്ച് സംസാരശേഷിയില്ല. ഊരും പേരും അറിയില്ല. നാട് മാറിയതിന്റെ പരിഭ്രാന്തിയില്‍ ബഹളംവച്ചു. കൊച്ചിയിലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഈ കൗമാരക്കാരനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നു. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ചികില്‍സിച്ചു. പിന്നെ, മനോനില സാധാരണ നിലയിലായപ്പോള്‍ തൃശൂര്‍ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.
പതിനൊന്നു മാസമായി ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു താമസം. ചോദിക്കുമ്പോള്‍ പേരു മാത്രം പറയും. ‘ബിലാല്‍’ എന്നാണ് പേര്. വീട് എവിടെ, അച്ഛന്റെ പേര് എന്താ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് പറയുന്ന ഉത്തരങ്ങള്‍ വ്യക്തമല്ല. സഹോദരന്റെ പേരും ഇടയ്ക്കിടെ പറയും. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയ്ക്കു പ്രായപൂര്‍ത്തിയായാല്‍ മറ്റൊരിടത്തേയ്ക്കു മാറ്റുകയാണ് പതിവ്. ഇങ്ങനെ, ബിലാലിനെ താമസസ്ഥലം മാറ്റാനുള്ള കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു.
കെയര്‍ടേക്കര്‍ പ്രജിത്ത് ബിലാലുമായി ദീര്‍ഘനേരം സംസാരിക്കുമായിരുന്നു. പലതവണ നാട് എവിടെ, അച്ഛന്റെ പേര് എന്താ തുടങ്ങി നിരവധി ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. ഒന്നിനും മറുപടിയില്ല. ഒരു ദിവസം സ്വന്തം നാട് എവിടെയാണെന്ന് പലക്കുറി ആവര്‍ത്തിച്ചു ചോദിച്ചു. ‘ഓഖ്‌ലാമണ്ഡി’ എന്നായിരുന്നു മറുപടി. ഇങ്ങനെയൊരു വാക്ക് ഇതിനു മുമ്പ് ബിലാല്‍ പറയുന്നത് കേട്ടിട്ടില്ല.കെയര്‍ടേക്കര്‍ പ്രജിത്തിന് ഒരാശയം തോന്നി. ഗൂഗിള്‍ സെര്‍ച്ചില്‍ ഇതൊന്നു അടിച്ചു നോക്കിയാലോ.അങ്ങനെ നോക്കിയപ്പോൾ ഓഖ്‌ലാമണ്ഡി ഡല്‍ഹിയിലെ ഒരു മാര്‍ക്കറ്റാണെന്ന് ഗൂഗിളില്‍ നിന്ന് കിട്ടി.
തുടർന്ന് , ഡല്‍ഹിയിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ വിളിച്ചു നോക്കി. സഹായം അഭ്യര്‍ഥിച്ചു. ആണ്‍കുട്ടികളെ കാണാതിയിട്ടുണ്ടോയെന്ന് തിരക്കി. പക്ഷേ, കൃത്യമായ മറുപടിയില്ല. പിന്നെ, ഓഖ്‌ലാമണ്ഡി മാര്‍ക്കറ്റിലെ ഏതെങ്കിലും വ്യാപാരിയെ കണ്ടെത്താനായി അടുത്ത ശ്രമം. ഫേസ്ബുക്കിന്റെ സഹായത്തോടെ വ്യാപാരിയെ കിട്ടി. ഫോണ്‍ നമ്പറില്‍ വിളിച്ചു നോക്കി. മാര്‍ക്കറ്റിലെ ഒരു വ്യാപാരിയുടെ മകനെ ഒരു വര്‍ഷം മുമ്പ് കാണാതായിട്ടുണ്ടെന്ന് ആ വ്യാപാരി പറഞ്ഞു. മകനെ കാണാതായ വ്യാപാരി മുഹമ്മദ് റയീസിനെ കണ്ടെത്തി പിടിച്ച് പിറ്റേന്നുതന്നെ വിളിയെത്തി.
വാട്‌സാപ്പില്‍ വീഡിയോ കോളില്‍ വരാമോയെന്ന് കെയര്‍ടേക്കര്‍ പ്രജിത്ത് ചോദിച്ചു.പ്രജിത്തിന്റെ ഫോണില്‍ നിന്ന് വാട്‌സാപ്പില്‍ വീഡിയോ കോള്‍ വിളിച്ചു. അച്ഛനെ കണ്ടതും മകന്‍ പൊട്ടിക്കരഞ്ഞു. ബഹളംവച്ചു. മകനെ കണ്ട അച്ഛനും നിലവിളിച്ചു. ഈ നാടകീയ മുഹൂര്‍ത്തം കണ്ടുനിന്ന ചില്‍ഡ്രന്‍സ് ഹോമിലെ ജീവനക്കാരുടെ കണ്ണുകളും നിറഞ്ഞു. അച്ഛനോട് വേഗം വരാന്‍ മകന്‍ ആഗ്യം കാട്ടി. വീട്ടിലേക്ക് പോകാന്‍ തിടുക്കം കൂട്ടി. അങ്ങനെ, അച്ഛനും സഹോദരനും ഉടനെ ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങി. കാണാതെ പോയ മകനെ കാണാന്‍ ആ അച്ഛൻ തൃശൂര്‍ രാമവര്‍മപുരം ചില്‍ഡ്രന്‍സ് ഹോമില്‍ പാഞ്ഞെത്തി.
ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം മകനെ കണ്ട അച്ഛന് നിയന്ത്രണംവിട്ടു. ഇരുവരുടേയും സ്‌നേഹപ്രകടനങ്ങള്‍ക്കു മുമ്പില്‍ ചില്‍ഡ്രന്‍സ് ഹോം ജീവനക്കാരുടെ മനസു നിറഞ്ഞു. ബിലാല്‍ ഉള്‍പ്പെടെ ഒന്‍പതു മക്കളാണ് ഡല്‍ഹിയിലെ വ്യാപാരിയായ മുഹമ്മദ് റയീസിന്. എട്ടും പെണ്‍മക്കള്‍. നാലാമനായ ഏക ആണ്‍തരിയെ നഷ്ടപ്പെട്ടെന്ന് കരുതി വിഷമിച്ചിരിക്കുമ്പോഴാണ് തിരികെ കിട്ടിയത്. കുടുംബസമേതം കേരളത്തില്‍ വരാമെന്ന് ഉറപ്പുനല്‍കിയാണ് മുഹമ്മദ് റയീസ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് മടങ്ങിയത്.കെയര്‍ടേക്കര്‍ പ്രജിത്തിന് ആ ഒരു വാക്കിന് പിന്നാലെ പോകാന്‍ തോന്നിയില്ലായിരുന്നെങ്കില്‍ ബിലാലിന്റെ ജീവിതം ഏതെങ്കിലും അനാഥാലയത്തില്‍ ആകുമായിരുന്നു.
ഡല്‍ഹിയില്‍ തലമുറകളായി വ്യാപാരം നടത്തുന്ന കോടീശ്വരന്റെ മകനാണ് ബിലാല്‍ എന്ന് ആരും അറിഞ്ഞില്ല. ഇവരുടെ വ്യാപാര സ്ഥാപനത്തില്‍ നിരവധി തൊഴിലാളികളുണ്ട്. നല്ലരീതിയില്‍ ജീവിക്കേണ്ട മകന്‍ വഴിത്തെറ്റി കേരളത്തില്‍ എത്തി അലഞ്ഞു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ അടുത്ത് എത്തിയതിനാല്‍ രക്ഷപ്പെട്ടു. മാത്രവുമല്ല, ചില്‍ഡ്രന്‍സ് ഹോം ജീവനക്കാരുടെ ആത്മാര്‍ഥതയോടെയുള്ള ഇടപെടലും ബിലാലിന്റെ കുടുംബത്തെ കണ്ടെത്താന്‍ സഹായിച്ചു. ജീവനക്കാരോട് ഹൃദയംനിറഞ്ഞ നന്ദി അര്‍പ്പിച്ചാണ് ബിലാല്‍ അച്ഛനോടൊപ്പം മടങ്ങിയത്.
Post Your Comments