എരുമേലി: ശബരിമലയില്‍ കാലങ്ങളായി തുടരുന്ന ആചാര അനുഷ്ഠാനങ്ങളെ തകര്‍ക്കുന്ന നീക്കം അംഗീകരിക്കാനാവില്ലെന്ന് ആന്റോ ആന്റണി എംപി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു എംപി. കോടതി വിധികളെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന ചരിത്രം മുന്പിലുണ്ട്. ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ട് വന്നെങ്കില്‍ ശബരിമല സ്ത്രീപ്രവേശനത്തിലും ഇതാവാം. വിശ്വാസികളുടെ ആശങ്ക പരിഹരിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും ആന്റോ ആന്റണി വ്യക്തമാക്കി.
10 വയസിന് താഴെയും 50 വയസിന് മുകളിലും ഉള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനം നടത്താമെന്നിരിക്കെ ആചാരം സ്ത്രീ വിരുദ്ധമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍ കോഡിലേക്കുള്ള യാത്രയില്‍ എല്ലാം നിയന്ത്രണ, നിയമ വിധേയമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന നിലപാടായി മാത്രമേ ഇപ്പോഴത്തെ നീക്കത്തെ കരുതാനാവൂയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments