KeralaLatest News

അതിരുകളില്ലാതെ ജ്യോതിഷിന് പറക്കാന്‍ ഇനി ഇലക്ട്രോണിക് വീല്‍ചെയര്‍

തിരുവന്തപുരം: ഫോക്കോമീലിയ ബാധിച്ച് തൊണ്ണൂറുശതമാനത്തോളം ശാരീരിക പ്രയാസം നേരിടുന്ന ജ്യോതിഷിന്റെ മുഖത്ത് നിഷ്‌കളങ്കമായ പുഞ്ചിരിയും സന്തോഷവുമായിരുന്നു മന്ത്രി കെ.കെ. ഷൈലജടീച്ചറില്‍ നിന്നും ഇലക്ട്രോണിക്ക് വീല്‍ചെയര്‍ ഏറ്റുവാങ്ങുമ്പോള്‍. പരിമിതികളെ മറികടന്ന് സ്‌കൂളില്‍ പോകാനും സ്വതന്ത്ര്യമായി സഞ്ചരിക്കാനും സാധിക്കുമെന്നറിഞ്ഞതോടെ സന്തോഷം ഇരട്ടിയായി. 1,41,750 രൂപ വിലയുള്ള പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രോണിക് വീല്‍ചെയര്‍ സാമൂഹ്യ സുരക്ഷമിഷന്‍ വി കെയര്‍ പദ്ധതിയിലൂടെയാണ് ജ്യോതിഷിന് സമ്മാനിച്ചത്.

ആധുനിക സവിശേഷതകള്‍ ഉള്ളതും പ്രത്യേകം രൂപകല്‍പന ചെയ്തതുമായ ഈ വീല്‍ ചെയറിലൂടെ ഏതു ദിശയിലേക്കും സഞ്ചരിക്കാന്‍ കഴിയും. വേഗത നിയന്ത്രിക്കാനും റോഡിലൂടെയും വീടിനകത്തും ഒരുപോലെ ഓടിക്കാനും കഴിയും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 15 കിലോമീറ്റര്‍ വരെ ഓടിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. തിരുവനന്തപുരം കോവളം പുത്തന്‍ വീട്ടില്‍ ജ്യോതിബസുവിന്റെയും ഷീബയുടെയും ഏക മകനാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജ്യോതിഷ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് ജ്യോതിഷിന്റേത്. പിതാവ് ജ്യോതിബസു മത്സ്യതൊഴിലാളിയാണ്. ഉപകരണ സംഗീത പഠനം നടത്തുന്ന ജ്യോതിഷ് നന്നായി കീ ബോര്‍ഡ് വായിക്കുകയും പാട്ടു പാടുകയും ചെയ്യും. പരിമിതികളെ മറികടക്കാന്‍ ജ്യോതിഷിന് ഈ വീല്‍ ചെയര്‍ വളരെയധികം സഹായകരമാകുമെന്ന് ജ്യോതി ബസു പറഞ്ഞു.

ജ്യോതിഷിനെപ്പോലെയുള്ളവര്‍ക്ക് വി കെയര്‍ പദ്ധതി കരുത്ത് പകരുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ശാരീരിക വെല്ലുവിളി നേരിടുന്നവരും ഭാരിച്ച ചികിത്സാ ചെലവുകള്‍ വേണ്ടി വരുന്നവരുമായ 300 ലധികം പേര്‍ക്കാണ് വി കെയര്‍ പദ്ധതിയിലൂടെ സഹായം ലഭ്യമാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഉപകരണ സംഗീത പഠനം നടത്തുന്ന ജ്യോതിഷ് നന്നായി കീ ബോര്‍ഡ് വായിക്കുകയും പാട്ടു പാടുകയും ചെയ്യുന്ന ജ്യോതിസിന് മന്ത്രി എല്ലാവിധ ആശംസകശും നേര്‍ന്നു. സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ. ജയചന്ദ്രന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷാജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button