ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ വലിയൊരു പ്രക്ഷോഭത്തിന് സംഘ പരിവാർ തയ്യാറാവുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നടന്ന വലിയ റാലികൾക്ക് പിന്നാലെ ക്ഷേത്രാചാരങ്ങളിൽ മാറ്റം വരുത്താനുള്ള ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും നീക്കങ്ങൾ എങ്ങിനെ ചേര്ക്കണം എന്നത് ആധ്യാത്മികാചാര്യന്മാരും വിവിധ ഹിന്ദു സംഘടനാ നേതാക്കളുംപങ്കെടുക്കുന്ന സംസ്ഥാനതല നേതൃ സമ്മേളനം തീരുമാനിക്കും. ഇന്ന് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്ന ഭക്തജനങ്ങളുടെ വികാരം കണക്കിലെടുത്തുകൊണ്ട് എല്ലാ ഹൈന്ദവ സംഘടനകളെയും ഒരുമിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകാനാവും ശ്രമം. ഇക്കാര്യത്തിൽ ആർഎസ്എസ് ദേശീയ നേതൃത്വം അതിന്റെ നിലപാട് വ്യക്തമാക്കിയതോടെ കാര്യങ്ങൾ ഇനി അതിവേഗത്തിൽ മുന്നോട്ട് പോകുമെന്ന് സംഘ പ്രസ്ഥാനങ്ങൾ വ്യക്തമാക്കുന്നു.
നേരത്തെ ആർഎസ്എസ് നേതാക്കൾക്കിടയിൽ ചില സംശയങ്ങൾ നിലനിന്നിരുന്നു. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള കാര്യമെന്ന് കണ്ടുകൊണ്ട് മുൻപ് ആർഎസ്എസ് എടുത്ത നിലപാട് ശബരിമലയുടെ കാര്യത്തിൽ ബാധകമാണോ എന്നതായിരുന്നു അത്. ക്ഷേത്രത്തിലേത് ഒരു ആചാരത്തിന്റെ പ്രശ്നമാണ് എന്നും അത് തീരുമണിക്കേണ്ടത് കോടതിയോ സർക്കാരോ അല്ലെന്നുമുള്ള സംഘ പരിവാറിന്റെ പ്രഖ്യാപിത നിലപാട് സംശയങ്ങൾക്ക് ഇട നൽകുന്നില്ല. അതിപ്പോൾ ആർഎസ്എസ് സര്കാര്യവാഹ്, ജനറൽ സെക്രട്ടറി, ഭയ്യാജി ജോഷി അസന്നിഗ്ദ്ധമായി വ്യക്തമാക്കുകയും ചെയ്തു. ആർഎസ്എസ് നേതാവിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇതാണ്:
” ശബരിമല ദേവസ്ഥാനവുമായി ബന്ധപ്പെട്ട് ഈ അടുത്തദിവസം വന്ന വിധിനയം വലിയ പ്രക്ഷുബ്ധരംഗമാണ് രാജ്യത്തുടനീളം ഉണ്ടാക്കിയിരിക്കുന്നത്. ഭാരതത്തിലെ വ്യത്യസ്ത ആത്മിയകേന്ദ്രങ്ങളിലെ പരാമ്പര്യങ്ങളെ ഭക്തരായ എല്ലാവരും പാലിക്കുന്നതോടൊപ്പം, പരമോനതനീതി പീഠത്തിന്റെ വിധിയേയും അംഗീകരിക്കണം. ശബരിമല ക്ഷേത്ര വിഷയത്തിലും പ്രത്യകിച്ച് സ്ത്രീകളെ ബന്ധപ്പെടുത്തി പ്രാദേശികമായ പാരമ്പര്യാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ലക്ഷകണക്കിന് വിശ്വസികളുടെ വൈകാരികതയുമായി ബന്ധപ്പെട്ടതാണ്. ഈ വികാരങ്ങള്‍ വിധിപ്രഖ്യാപിക്കുമ്പോള്‍ വിസ്മരിക്കാന്‍ പാടില്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ കേരളാസര്‍ക്കാര്‍, ഭക്തജന വികാരം മാനിക്കാതെ വിധിനടപ്പാക്കാന്‍ തിടുക്കം കാട്ടുകയാണ്. സ്വാഭാവികമായും പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും ഹനിക്കാനാഗ്രഹിക്കാത്ത, പ്രത്യകിച്ച് സ്ത്രീകള്‍ പ്രതികരിച്ചിരിക്കുന്നു.
ആര്‍.എസ്.എസ് സൂപ്രീംകോടതിയുടെ സുപ്രധാന വിധിന്യായത്തെ മാനിക്കുമ്പോഴും, വിധി എതിരായിരിക്കുന്ന ഭക്തജനങ്ങളും, ആദ്ധ്യാത്മിക, സാമൂദായിക നേതാക്കന്മാരും ഒത്തുകൂടി ചിന്തിച്ച് നീതിക്കായുള്ള മറ്റ് പോം വഴികള്‍ പരിശോധിക്കുന്നതാണ്. അവര്‍ തങ്ങളുടെ വിശ്വാസത്തിനും ഭക്തിയും യോജിക്കുന്ന തരത്തില്‍ ആരാധന നടത്താനുള്ള അവകാശത്തിനായുള്ള ഉത്കണ്ഠ, തികച്ചും സമാധാനപരമായ രീതിയില്‍ ഭരണാധികാരികളെ ധരിപ്പിക്കേണ്ടതുമാണ്”.
ഇത് കാര്യങ്ങൾ വ്യക്തമാക്കുന്നു. ഇനി പ്രക്ഷോഭത്തിലേക്ക് സംഘ പരിവാർ ഇറങ്ങുകയായി. ഇപ്പോൾ തന്നെ അനവധി ഹൈന്ദവ പ്രസ്ഥാനങ്ങൾ സമരഭൂമിയിലുണ്ട്. പന്തളം രാജകുടുംബം തന്നെ ഇക്കാര്യത്തിൽ മുന്കയ്യെടുത്തതും നാം കണ്ടു. അവരെയൊക്കെ ഒരു നൂലിൽ കോർത്തിണക്കാനാവും ആർഎസ്എസ് ശ്രമിക്കുക. മുതിർന്ന ആർഎസ്എസ് നേതാക്കൾ തന്നെ അതിനായി നിയോഗിക്കപ്പെടുമെന്നാണ് സൂചനകൾ. മുൻ കാലങ്ങളിൽ കുമ്മനം രാജശേഖരൻ ആയിരുന്നു ഇത്തരം സമരങ്ങളുടെ മുന്നണിയിൽ ഉണ്ടായിരുന്നത്. അദ്ദേഹം ഗവര്ണറായത് മുതൽ ആ ജോലിക്ക് ഒരാളെ സംഘ പരിവാറിന് നിയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ഹിന്ദു ഐക്യവേദിയാണ് ഒരു സമര സംഘടന. അതിന് ഇന്നിപ്പോൾ കുറെ നേതാക്കളുണ്ട്. അവരും സംഘം നിശ്ചയിക്കുന്ന ചിലരും ചേർന്നാകും ഈ പ്രക്ഷോഭം നിയന്ത്രിക്കുക, നയിക്കുക.
നിലക്കൽ സമരത്തിന്റെ മാതൃകയിൽ ഒരു പ്രക്ഷോഭം എന്നതാണ് ആർഎസ്എസ് മനസ്സിൽ വെക്കുന്നത് എന്ന് മനസിലാക്കുന്നു. അന്ന് പി പരമേശ്വരനും പി മാധവ്ജിയും ആർ ഹരിയുമൊക്കെ രംഗത്തുണ്ടായിരുന്നു. ഇന്നിപ്പോൾ ആ അഭാവം നികത്തേണ്ടതുണ്ട്….. സംഘടനാപരമായി മാത്രമല്ല ആശയപരമായും വലിയ ഒരു പോരാട്ടമായി അത് മാറുമെന്ന് കരുതേണ്ടിയിരിക്കുന്നു. ദീർഘനാൾ അത് മുന്നോട്ട് പോകാനുമിടയുണ്ട്. അതൊക്കെ കണക്കിലെടുത്ത് ഒരു പദ്ധതിയാവും അടുത്ത എട്ടിന് കൊച്ചിയിൽ നടക്കുന്ന ഹിന്ദു നേതൃ സമ്മേളനം ചർച്ച ചെയ്ത തീരുമാനിക്കുക.
Post Your Comments