തിരുവനന്തപുരം: ബ്രൂവറി വിവാദത്തിലെ ആരോപണങ്ങൾക്കെതിരെ മുഖ്യമന്ത്രി രംഗത്ത്.
ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ സംശയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ഉന്നയിച്ചു.
ബ്രൂവറി അനുമതി എല്‍ഡിഎഫ് നയങ്ങള്‍ക്ക് വിരുദ്ധമായല്ല. വസ്തുതകള്‍ പുറത്തുവന്നതോടെ ആരോപണം ജനം തള്ളിക്കളഞ്ഞു. ഉല്‍പ്പാദനം കൂട്ടിയാല്‍ ബിവ്‌റേജസിന് കേരളത്തില്‍ നിന്ന് മദ്യം വാങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു.മദ്യത്തിന്റെ 8 ശതമാനവും ബിയറിന്റെ 40 ശതമാനവും പുറത്തുനിന്നാണ്. ബ്രൂവറികള്‍ തുടങ്ങുന്നത് മദ്യ ഇറക്കുമതി കുറയ്ക്കാനാണ്. ബ്രൂവറികള്‍ തുടങ്ങുന്നത് പുറത്തുനിന്ന് മദ്യം എത്തിക്കുന്ന കമ്പനികള്‍ക്ക് നഷ്ടമുണ്ടാക്കും.
മദ്യത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നതിനെ പ്രതിപക്ഷ നേതാവ് പിന്തുണച്ചിട്ടുണ്ട്. പിന്നെങ്ങനെ സര്‍ക്കാരിന്റെ നയം തെറ്റാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.ബ്രൂവറികള്‍ വരുമാനം കൂട്ടുമെന്നും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. ഇത് ചെന്നിത്തലയ്ക്കും അറിയാം. തൊഴില്‍ കൂടുന്നത് എങ്ങനെ കേരളത്തിന് എതിരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ ബ്രൂവറികള്‍ക്ക് അനുമതി നല്‍കുന്നതിന് പരസ്യം നല്‍കുന്ന രീതി ഇതുവരെയില്ല. ബ്രൂവറികള്‍ക്ക് അപേക്ഷ ക്ഷണിക്കാറില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പത്രപ്പരസ്യം നല്‍കാത്തത് തെറ്റാണെങ്കില്‍ യുഡിഎഫ് സര്‍ക്കാരുകളും കുറ്റക്കാരാണ്.
1999ലെ സര്‍ക്കാരിന്റെ നയം അന്നത്തെ അപേക്ഷകള്‍ മുന്‍നിര്‍ത്തിയുള്ള തീരുമാനമാണ്. ഒരിക്കലും ഡിസ്റ്റിലറി നല്‍കേണ്ടെന്നതല്ല 1999ലെ തീരുമാനം. ബ്രൂവറികളെപ്പറ്റി ആ ഉത്തരവില്‍ പരാമര്‍ശമില്ല. പുതിയ ബ്രൂവറികള്‍ തുടങ്ങേണ്ടെന്ന നിലപാട് ഒരു കാലത്തും സ്വീകരിച്ചിട്ടില്ല. ഈ ഉത്തരവാണ് ഒന്നും തുടങ്ങാന്‍ പാടില്ലെന്ന് വ്യാഖ്യാനിക്കുന്നത്. അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കില്‍ 2003ല്‍ എങ്ങനെ ബ്രൂവറി അനുവദിച്ചെന്നും മുഖ്യമന്ത്രി ചോദിച്ചു.
Post Your Comments