ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതി നൽകിയ അനുകൂല വിധിയെ ചോദ്യം ചെയ്യുന്നവർ ഈ ചോദ്യങ്ങൾക്ക് കൂടി ഉത്തരം പറയണം. കോടതിവിധിക്കെതിരെ പ്രതികരിക്കുന്നവരോട് ചില ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരനായ എന്‍.എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് എന്‍.എസ്.മാധവന്റെ പ്രതികരണം.
‘1972 ല്‍ മാത്രമാണ് നിയമം മൂലം ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കിയിട്ടുള്ളത്. ചില പുരുഷഭക്തന്മാര്‍ക്കുണ്ടായ എതിര്‍പ്പില്‍ നിന്നായിരുന്നു ആ വിലക്ക്. അതിന് മുമ്ബ് സ്ത്രീ ഭക്തര്‍ സുഗമമായി ശബരിമലയില്‍ എത്തിയിരുന്നു. 1972 ലെ സ്ത്രീ പ്രവേശന നിരോധന ഉത്തരവ് പോലും കാര്യമായ ഫലം ചെയ്‌തില്ല. ഉദാഹരണമായി 1986ല്‍ പതിനെട്ടാംപടിക്ക് താഴെ ചിത്രീകരിച്ച തമിഴ് സിനിമയില്‍ അതിലെ നായിക നൃത്തം ചെയ്യുന്നുണ്ട്. ഷൂട്ടിംഗ് ഫീസായി 7500 രൂപയും ദേവസ്വം ബോര്‍ഡ് അന്ന് വാങ്ങിയിരുന്നു.
1990ല്‍ ആണ് കേരള ഹൈക്കോടതി 10നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തി വിധി പുറപ്പെടുവിക്കുന്നത്. ചില പ്രത്യേക കാര്യങ്ങളില്‍ ആചാരം ഒരു വിഷയമല്ലാതായി മാറിയിട്ടുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്ക് ഒരു ബ്രാഹ്മണ കുടുംബമാണ്. ഇതുപോലെ തന്നെ ശബരിമലയുമായി ബന്ധപ്പെട്ട് മറ്റൊരു കുടുംബവും ഉണ്ടായിരുന്നു. താഴ്ന്ന ജാതിയില്‍പ്പെട്ട ഒരു ഈഴവ കുടുംബം. അയ്യപ്പനെ ആയോധന കല പഠിപ്പിച്ചത് ഈ കുടുംബക്കാര്‍ ആണെന്നാണ് പറയുന്നത്. ഈ കുടുംബത്തിനായിരുന്നു ശബരിമലയിലെ വെടിവഴിപാടിന്റെ കുത്തക. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ അവകാശം ബലമായി പിടിച്ചുവാങ്ങി ലേല സമ്ബ്രദായത്തിലാക്കി. ശബരിമലയില്‍ ലിംഗപരമായ വിവേചനം മാത്രമല്ല, സവര്‍ണാധിപത്യവും നിലനില്‍ക്കുന്നു’- എന്‍.എസ് മാധവന്‍ പറയുന്നു.
Post Your Comments