മംഗളൂരു: ടിക്കറ്റില്ലാതെ കൊച്ചുവേളിയില്‍ നിന്നു മംഗളൂരു വഴി ചെന്നൈയിലേക്ക് എസി കോച്ചില്‍ യാത്ര. കള്ളവണ്ടി കയറിയ യാത്രക്കാരനെ റെയില്‍വേ ജീവനക്കാര്‍ തല്ലിക്കൊന്നു. അതൊരു മനുഷ്യനാണെന്ന് തെറ്റിദ്ധരിക്കല്ലേ, വെള്ളിക്കെട്ടന്‍ (ശംഖുവരയന്‍) പാമ്പിനെയാണ് ജീവനക്കാര്‍ തല്ലിക്കൊന്നത്. 25 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട മാവേലി എക്‌സ്പ്രസിലാണ് പാമ്പു കയറിപ്പറ്റിയത്. പാമ്പ് കൊച്ചുവേളിയില്‍ വച്ച് തന്നെ ട്രെയിനിലെ എസി അറ്റന്‍ഡറുടെ ദേഹത്ത് വീണിരുന്നു. തുടര്‍ന്ന് കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ കോച്ചുകള്‍ ഘടിപ്പിക്കുന്ന ഭാഗത്തെ വിടവിലൂടെ ഇത് താഴേക്ക് ഇറങ്ങി. ജീവനക്കാര്‍ പാളത്തില്‍ നോക്കിയെങ്കിലും കണ്ടില്ല.
പാളത്തില്‍ ഉള്‍പ്പെടെ പടര്‍ന്നു കിടക്കുന്ന കാട്ടിലേക്ക് കയറിക്കാണുമെന്ന് ഇവര്‍ കരുതി. എന്നാല്‍ തൊട്ടടുത്ത സ്ലീപ്പര്‍ ക്ലാസ് കോച്ചിന്റെ വശത്തായിരുന്നു പാമ്പിന്റെ സുരക്ഷിത യാത്ര. 26ന് മംഗളൂരുവിലെത്തിയ ട്രെയിന്‍ ഉച്ചയ്ക്ക് മംഗളൂരു – ചെന്നൈ മെയിലായി പുറപ്പെട്ട് 27ന് ചെന്നൈയിലെത്തി. ഒടുവില്‍ ട്രെയിന്‍ പരിശോധനയ്ക്കായി എത്തിയ ജീവനക്കാര്‍ വീണ്ടും പാമ്പിനെ കണ്ടെത്തുകയായിരുന്നു. വാതിലിന്റെ വിടവില്‍ ഒളിഞ്ഞു കിടക്കുകയായിരുന്ന പാമ്പിനെ തല്ലിക്കൊന്നു കുഴിച്ചിട്ടു. കൊച്ചുവേളിക്കും തിരുവനന്തപുരത്തിനും ഇടയില്‍ പണികള്‍ നടക്കുന്നതിനാല്‍ മാവേലി എക്‌സ്പ്രസ് നിലവില്‍ കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിച്ചു നിര്‍ത്തിയിടുകയാണ്. കാടുമൂടിയ ഇവിടെ വെച്ചാണ് പാമ്പ് ട്രെയിനില്‍ കയറിയതെന്ന് കരുതുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ പാമ്പിനെ കാണുന്നത് സ്ഥിരമാണെന്ന് കൊച്ചുവേളിയിലെ ജീവനക്കാരും പറയുന്നു.
Post Your Comments