
മുംബൈ : പരുക്കേറ്റ അഭിലാഷ് ടോമിയെ ഇന്ന് മൊറീഷ്യസിലേക്കു മാറ്റിയേക്കും. ഇതിനായി നാവികസേനാ കപ്പൽ ഐഎൻഎസ് സത്പുര എത്തും. ദ്വീപിൽ വിമാനമിറങ്ങാൻ സൗകര്യമില്ലാത്തതിനാൽ കടൽമാർഗമേ യാത്ര സാധ്യമാകൂ. ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി മൽസരത്തിനിടെ അപകടത്തിൽപ്പെട്ട അഭിലാഷ് ടോമിയെയും മറ്റൊരു മൽസരാർഥി ഗ്രിഗർ മക്‌ഗുകിനെയും തിങ്കളാഴ്ചയാണു രക്ഷിച്ചത്. ചൊവ്വാഴ്ച ഇരുവരെയും ന്യൂ ആംസ്റ്റർഡാമിലെത്തിക്കുക യായിരുന്നു.
അഭിലാഷ് ടോമിയുടെ ആരോഗ്യനില അതിവേഗം മെച്ചപ്പെട്ടു വരുന്നതായി അഭിലാഷിനോടു സംസാരിച്ച വൈസ് അഡ്മിറൽ പി.അജിത്കുമാർ അറിയിച്ചു. സാരമായ ചില പരുക്കുകളുണ്ടെങ്കിലും ആശങ്കപ്പെടേണ്ട തരത്തിലുള്ളവയല്ലെന്നു പ്രതിരോധവകുപ്പ് വക്താവും വ്യക്തമാക്കി. നേരത്തെ രക്ഷിച്ച എല്ലാവർക്കും നാവികസേനയ്ക്കും അഭിലാഷ് ടോമി നന്ദി അറിയിച്ചിരുന്നു. കടൽ അവിശ്വസനീയമാംവിധം പ്രക്ഷുബ്ധമായിരുന്നുവെന്നും നാവികവൈദഗ്ധ്യം കൊണ്ടാണു തനിക്കു പിടിച്ചുനിൽക്കാനായതെന്നും അഭിലാഷ് ട്വീറ്റിൽ പറഞ്ഞു. സൈനികന്റെ മനക്കരുത്ത് തുണച്ചു; നാവികസേനയുടെ പരിശീലനവും എടുത്തു പറഞ്ഞിരുന്നു.
Post Your Comments