ദുബൈ: ദുബൈയിലെ വ്യാവസായിക മേഖലകളില്‍ കാറിനുള്ളില്‍നിന്നും സാധനങ്ങളും ബാറ്ററികളും മറ്റും മോഷണം പോകുന്നത് വര്‍ധിച്ചതിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി ദുബായി പോലീസ്. വാഹനത്തെ എന്‍ജിന്‍ ഓണായിരിക്കുന്ന അവസ്ഥയില്‍ എവിടെയും പാര്‍ക്ക് ചെയ്തു പോകരുതെന്ന് വാഹന ഉടമകളോട്, പോലീസ് ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. കൂടാതെ വാഹനത്തിന്റെ ഡോര്‍ ലോക്ക് ആണെന്ന് ഉറപ്പ് വരുത്തുക, ഇരുട്ടുള്ള പ്രദേശങ്ങളില്‍ വണ്ടി കഴിവതും പാര്‍ക്ക് ചെയ്യാതിരിക്കുക, ഒറ്റപ്പെട്ട സ്ഥലങ്ങളിലും മണല്‍ പ്രദേശങ്ങളിലും സ്ഥിരമായി ദീര്‍ഘനേരം വണ്ടി പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുക, പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ പുറമേക്കും കാണുന്ന വിധത്തില്‍ വെക്കരുതിരിക്കുക, നല്ല വെളിച്ചമുള്ള സി.സി.ടി.വി ക്യാമറയുടെ നിരീക്ഷണപരിധിയിലുള്ള പാര്‍ക്കിങ് സ്ഥലങ്ങളില്‍ വണ്ടി പാര്‍ക്ക് ചെയ്യുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍.
കഴിഞ്ഞ ദിവസം ജബല്‍ അലിയിലെയും അല്‍ ഖിസൈസിലെയും വ്യാവസായിക മേഖലയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിച്ച നാല് ഏഷ്യന്‍ വംശജര്‍ പിടിയിലായിരുന്നു. പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളില്‍നിന്നും നിന്ന് ബാറ്ററികള്‍ മോഷ്ടിച്ച് പകുതി വിലയ്ക്ക് വര്‍ക്ക് ഷോപ്പുകളില്‍ വിറ്റിരുന്ന ഈ സംഘത്തെ രഹസ്യ നീക്കത്തിലൂടെയാണ് പോലീസ് പിടികൂടിയത്.
Post Your Comments