മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ക്രിസ്തുമസ് വരെ നീളാന്‍ സാധ്യതയെന്ന് സുരേഷ്‌ഗോപി എംപി. അവസാനഘട്ട മിനുക്കുപണികളും തീര്‍ന്നതിനു ശേഷം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം വിമാനത്താവളം സന്ദര്‍ശിക്കുന്നതിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ ഒന്നിനാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കിലും ഉദ്ഘാടനം ഡിസംബര്‍ വരെ നീളാനാണ് സാധ്യതെയന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കണ്ണൂരിന്റെ ഭൂമിശാസ്ത്രവും സാംസ്‌കാരിക തനിമയും വേണ്ടുവോളം പ്രയോജനപ്പെടുത്തിയ വിമാനത്താവളത്തിന്റെ രൂപകല്‍പന രാജ്യാന്തര നിലവാരത്തിലാണ്. വിമാനത്താവളത്തോടൊപ്പം അടിസ്ഥാനസൗകര്യങ്ങളും വികസിക്കേണ്ടതുണ്ട്. കൂടുതല്‍ റോഡുകളും റെയില്‍പാതകളും സജ്ജീകരിച്ചാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടാകും. തലശ്ശേരി – മൈസൂര്‍ റെയില്‍പാതയോടൊപ്പം നിലമ്പൂര്‍ പാതയും ചര്‍ച്ചയിലുണ്ട്.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി നിലവിലെ റോഡുകളെല്ലാം നാലുവരിയായി ഉയര്‍ത്തേണ്ടിവരുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ വിമാനത്താവളത്തിലെത്തിയ എം.പി പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിങ്, എയര്‍ കണ്‍ട്രോളിങ് കെട്ടിടം, റണ്‍വേ അഗ്‌നിശമന വിഭാഗം എന്നിവ സന്ദര്‍ശിച്ചു. ഫയര്‍ എജിനില്‍ റണ്‍വേയിലൂടെ സന്ദര്‍ശിച്ചു. അഗ്‌നിശമന വിഭാഗത്തിന്റെ പ്രവര്‍ത്തനവും സുരേഷ് ഗോപി വിലയിരുത്തി.
Post Your Comments