കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അഴിക്കുള്ളിലാക്കിയത് നിരവധി നിര്‍ണായ തെളിവുകള്‍. ബിഷപ്പിനെതിരെ ലഭിച്ച തെളിവുകള്‍ പീഡനക്കുറ്റം ഗൗരവത്തോടെ ആരോപിക്കാവുന്ന തരത്തിലുള്ളവയാണ്. ബിഷപ്പിനോടു ചോദിച്ചത് 350 പ്രധാന ചോദ്യങ്ങളും 500 ഉപചോദ്യങ്ങളുമാണ്. തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ബിഷപ്പിന്റെ ആരോപണം തെറ്റാണെന്നു വ്യാഴാഴ്ച തന്നെ വ്യക്തമായിരുന്നു.
കേസില്‍ മുളയ്ക്കലിന്റെ അറസ്റ്റിന് വഴിവെച്ചത് മൂന്നു ദിവസമായുള്ള 23 മണിക്കൂര്‍ ചോദ്യം ചെയ്യല്‍. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം നിരപരാധി എന്ന് ആവര്‍ത്തിച്ച ബിഷപ്പിനെ ഒടുവില്‍ നേരത്തെ തയാറാക്കിയിരുന്ന ചോദ്യങ്ങള്‍ കൊണ്ടാണ് പോലീസ് കുടുക്കിയത്. തുടര്‍ന്ന് കേസ് വസ്തുതാപരമാണെന്നും ബിഷപ്പ് കുറ്റം ചെയ്തിട്ടുണ്ടെന്നും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പോലീസ് അറസ്റ്റിലേക്കു നീങ്ങിയത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതിനിടെ ആശുപത്രിയില്‍ നിന്നും ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബിലെത്തിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു രാത്രി കഴിഞ്ഞ ശേഷമാണ് പൊലീസ് ക്ലബിലെത്തിച്ചത്. ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയപ്പോള്‍ കടുത്ത പ്രതിഷേധമാണ് ബിഷപ്പിനെതിരെ ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ബിഷപ്പിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.കനത്ത സുരക്ഷയില്‍ പുറത്തേക്കെത്തിച്ച ബിഷപ്പിനെ കൂകിവിളിച്ചാണ് ജനങ്ങള്‍ സ്വീകരിച്ചത്. ഇന്ന് ഉച്ചയ്ക്കു മുമ്പു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനാണു നീക്കം
അറസ്റ്റിലേക്ക് നയിച്ച തെളിവുകള്‍
*കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നുള്ള കന്യാസ്ത്രീയുടെ വൈദ്യപരിശോധനാഫലം. ചങ്ങനാശേരി കോടതിയില്‍ അവര്‍ നല്‍കിയ രഹസ്യമൊഴി. 13 വട്ടം പീഡനം നടന്നതു സംബന്ധിച്ചു തീയതിയും സ്ഥലവും ഉള്‍പ്പെടെ നല്‍കിയ വിവരങ്ങള്‍.
*കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ ബിഷപ്പ് ഒപ്പമുണ്ടായിരുന്നുവെന്ന കണ്ടെത്തല്‍; ഇതു സംബന്ധിച്ച രേഖകള്‍. ബിഷപ്പ് കന്യാസ്ത്രീക്ക് അയച്ച മൊബൈല്‍ സന്ദേശങ്ങളുടെ പകര്‍പ്പ്.
*കന്യാസ്ത്രീ പരാതി പറഞ്ഞതായി മറ്റു കന്യാസ്ത്രീകളും വൈദികരും കൊടുത്ത മൊഴി.
*ജലന്ധര്‍ രൂപതയുടെ അച്ചടക്കനടപടിക്കും മാസങ്ങള്‍ക്കു മുന്‍പ് അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ കുമ്പസാര വേളയില്‍ പീഡനത്തെക്കുറിച്ചും പറഞ്ഞിരുന്നതായുള്ള കന്യാസ്ത്രീയുടെ മൊഴി.
*ആ ദിവസം അവര്‍ എത്തിയിരുന്നതായി ധ്യാനകേന്ദ്രം അധികൃതരുടെ സ്ഥിരീകരണം. (അച്ചടക്കനടപടി എടുത്തതിനുള്ള പ്രതികാരമായാണു പരാതി നല്‍കിയതെന്നായിരുന്നു ബിഷപ്പിന്റെ വാദം.)
Post Your Comments